'ഞാനൊന്നും കണ്ടിട്ടില്ല' ; സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷി കൂറുമാറി

കൊലപാതകം നടന്ന ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്നായിരുന്നു അനുപമ നേരത്തെ മൊഴി നല്‍കിയിരുന്നത്
'ഞാനൊന്നും കണ്ടിട്ടില്ല' ; സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷി കൂറുമാറി


തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷി കൂറുമാറി. കേസിലെ 50-ാം സാക്ഷി സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്. സിസ്റ്റര്‍ അഭയക്കൊപ്പം താമസിച്ചിരുന്ന വ്യക്തിയാണ് അനുപമ. 

കൊലപാതകം നടന്ന ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്നായിരുന്നു അനുപമ നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇത് അഭയയുടേതാണെന്ന് സിബിഐ കണ്ടെത്തുകയും ചെയ്തിരുന്നു. ഇക്കാര്യം സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സാക്ഷി വിസ്താര വേളയിലാണ് സിസ്റ്റര്‍ അനുപമ മൊഴി മാറ്റിയത്. താന്‍ ഒന്നും കണ്ടിട്ടില്ലെന്നാണ് അനുപമ കോടതിയില്‍ അറിയിച്ചത്. അസ്വാഭാവികമായി ഒന്നും കാണുകയോ, കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അനുപമ മൊഴി നല്‍കി. കേസിലെ ഒന്നും രണ്ടും സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കാനിരുന്നത്. എന്നാല്‍ ഇവര്‍ മരിച്ചതിനെ തുടര്‍ന്ന് 50-ാം സാക്ഷി അനുപമയെ വിസ്തരിക്കുകയായിരുന്നു.

177 സാക്ഷികളാണ് കുറ്റപത്രത്തില്‍ സിബിഐ അനുബന്ധമായി ചേര്‍ത്തിട്ടുള്ളത്. നാളെ മൂന്നു സാക്ഷികളുടെ വിസ്താരം നടക്കും. 2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്.

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. 1992 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ അഭയയുടെ മൃതദേഹം കണ്ടെത്തുന്നത്.അഭയ കൊല്ലപ്പെട്ട് 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിചാരണ നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com