ബൈബിളുമായി സിബിഐ കോടതിയിലെത്തും, സാക്ഷികളോട് സത്യം ചെയ്യാന്‍ ആവശ്യപ്പെടും; അഭയ കേസില്‍ കൂറുമാറ്റം തടയാന്‍ പുതിയ രീതി പരീക്ഷിക്കും 

ബൈബിളുമായി സിബിഐ കോടതിയിലെത്തും, സാക്ഷികളോട് സത്യം ചെയ്യാന്‍ ആവശ്യപ്പെടും; അഭയ കേസില്‍ കൂറുമാറ്റം തടയാന്‍ പുതിയ രീതി പരീക്ഷിക്കും 
സിസ്റ്റര്‍ അഭയ
സിസ്റ്റര്‍ അഭയ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തടയാന്‍ നൂതന മാര്‍ഗവുമായി സിബിഐ. സാക്ഷികളെക്കൊണ്ട് കോടതി മുറിയില്‍ ബൈബിള്‍ തൊട്ട് പ്രതിജ്ഞ ചൊല്ലിക്കാനാണ് സിബിഐ ഒരുങ്ങുന്നത്. ഇതിനായി വിസ്താരം പുനരാരംഭിക്കുന്ന നാളെ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇരുപത്തിയേഴു വര്‍ഷത്തെ ദീര്‍ഘകാലത്തിനു ശേഷം വിചാരണ തുടങ്ങിയ അഭയ കേസില്‍ ആദ്യത്തെ രണ്ടു ദിവസം രണ്ടു സുപ്രധാന സാക്ഷികള്‍ കൂറുമാറിയിരുന്നു. അഭയയുടെ ഒപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയും അഭയയെ മരിച്ച നിലയില്‍ കണ്ടെത്തി കോണ്‍വെന്റിന്റെ സമീപത്തു താമസിക്കുന്ന സഞ്ജു പി മാത്യുവുമാണ് ആദ്യ ദിവസങ്ങളില്‍ കൂറുമാറിയത്. സംഭവത്തിനു തലേന്നു രാത്രി പ്രതികളില്‍ ഒരാളായ ഫാ. കോട്ടൂരിന്റെ സ്‌കൂട്ടര്‍ കോണ്‍വെന്റിനു സമീപം കണ്ടെന്നായിരുന്നു സഞ്ജു പി മാത്യു ആദ്യം നല്‍കിയ മൊഴി. ഇന്നലെ കോടതിയില്‍ ഇതു മാറ്റിപ്പറഞ്ഞു. 

സാക്ഷികള്‍ ഒന്നൊന്നായി കൂറുമാറിയതോടെയാണ് ഇതു തടയാന്‍ പുതിയ മാര്‍ഗം പരീക്ഷിക്കാന്‍ സിബിഐ ഒരുങ്ങുന്നത്. കേസില്‍ 177 സാക്ഷികളാണുള്ളത്. ഇതില്‍ പലരും കൂറുമാറാന്‍ ഇടയുണ്ടെന്നാണ് സിബിഐ വിലയിരുത്തുന്നത്. സാക്ഷികളില്‍ നല്ലൊരു പങ്കും സഭാംഗങ്ങളും ക്രിസ്ത്യന്‍ വിശ്വാസികളും ആയതിനാല്‍ ബൈബിള്‍ തൊട്ടു സത്യ ചെയ്യിക്കുക എന്ന സാധ്യതയാണ് സിബിഐ ആരായുന്നത്. ഇതിനു നിയമപരമായി തടസമില്ല. ആത്മാര്‍ഥമായ മതവിശ്വാസമുള്ളവര്‍ ബൈബിള്‍ തൊട്ടു സത്യം ചെയ്താല്‍ സത്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നാണ് സിബിഐ കരുതുന്നത്.

ബൈബിള്‍ കൊണ്ടുവരുന്നതിനും സാക്ഷികളെ സത്യം ചെയ്യിക്കുന്നതിനും സിബിഐ കോടതിയുടെ അനുമതി തേടും. നേരത്തെ സാക്ഷികളെക്കൊണ്ട് മതഗ്രന്ഥങ്ങളില്‍ തൊട്ടു സത്യം ചെയ്യിക്കുന്ന പതിവ് നിലവിലുണ്ടായിരുന്നു. പിന്നീട് ഇത് സാധാരണമല്ലാതായെങ്കിലും നിയമപരമായി ഇതിനു വിലക്കില്ല. അതുകൊണ്ടുതന്നെ കോടതി ഇത് അനുവദിക്കുമെന്നാണ് സ്ിബിഐ പ്രതീക്ഷിക്കുന്നത്. 

ഇരുപത്തിയേഴു വര്‍ഷം മുമ്പ് സിസ്റ്റര്‍ അഭയയെ കോട്ടയം പയന്‍സ് ടെന്‍ത് കോണ്‍വെന്റിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസ്. രണ്ടു പുരോഹിതരെയും ഒരു കന്യാസ്ത്രീയെയും അസ്വാഭാവിക നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു നടന്ന കൊലപാതകമാണെന്നാണ് സിബിഐ കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com