ജോലി വേണോ? ശാഖകള്‍ തുറക്കണം; സമരം മൂലം തുറക്കാനാവാത്ത ബ്രാഞ്ചുകള്‍ അടച്ചപൂട്ടുകയാണെന്ന് മുത്തൂറ്റ് ഫിനാന്‍സ്

ജോലി വേണോ? ശാഖകള്‍ തുറക്കണം; സമരം മൂലം തുറക്കാനാവാത്ത ബ്രാഞ്ചുകള്‍ അടച്ചപൂട്ടുകയാണെന്ന് മുത്തൂറ്റ് ഫിനാന്‍സ്
ജോലി വേണോ? ശാഖകള്‍ തുറക്കണം; സമരം മൂലം തുറക്കാനാവാത്ത ബ്രാഞ്ചുകള്‍ അടച്ചപൂട്ടുകയാണെന്ന് മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: ജോലിയില്‍ തുടരണമെങ്കില്‍ സമരം മൂലം അടഞ്ഞുകിടക്കുന്ന ശാഖകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരോട്, പണമിടപാടു സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ്. ശാഖകള്‍ തുറക്കാത്ത പക്ഷം സെപ്റ്റംബര്‍ രണ്ടിന് അവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സിഐടിയു പിന്തുണയുള്ള നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 27ന് ജീവനക്കാര്‍ക്ക് അയച്ച കുറിപ്പിലാണ് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ മുത്തൂറ്റ് നിലപാട് അറിയിച്ചത്. തുറക്കാനാവാത്ത ശാഖകള്‍ സെപ്റ്റംബര്‍ രണ്ടിന് പ്രവര്‍ത്തനം അവസാനിപ്പിക്കും. ആ ശാഖകളെ മറ്റു ശാഖകളോടു ലയിപ്പിക്കില്ല. അതുകൊണ്ടുതന്നെ ജീവനക്കാരെ പുനര്‍ വിന്യസിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു. 

''ഇത്തരമൊരു തീരുമാനമെടുക്കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതമാവുകയായിരുന്നു. ജീവനക്കാര്‍ അവരുടെ താത്പര്യം മുന്‍നിര്‍ത്തി ശാഖകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നാണ് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്'' - കുറിപ്പില്‍ പറയുന്നു.

സമരം അനാവശ്യമാണെന്നും അതുവഴി കമ്പനിക്കു വന്‍ ബിസിനസ് നഷ്ടമുണ്ടായെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളുമാണ് മുത്തൂറ്റ് ഫിനാന്‍സ് നല്‍കുന്നത്. സ്ഥാപിത താത്പര്യങ്ങള്‍ക്കു വേണ്ടിയാണ് സമരമെന്ന് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. 

രാജ്യമെമ്പാടുമായി മുത്തൂറ്റ് ഫിനാന്‍സിന് 4502 ശാഖകളാണുളളത്. ഇതില്‍ 602 ശാഖകളാണ് കേരളത്തിലുള്ളത്. ഇവയില്‍ എത്രയെണ്ണം അടഞ്ഞുകിടക്കുന്നുണ്ടെന്നു വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com