പിണറായിയും 20 മന്ത്രിമാരും റോഡിലിറങ്ങില്ല; അതേ രീതിയില്‍ തിരിച്ചടിക്കുമെന്ന് കെ സുരേന്ദ്രന്‍

മുസ്ലീം വോട്ടിന് വേണ്ടിയുള്ള കോപ്രായമാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നതെന്ന്  കെ സുരേന്ദ്രന്‍ 
പിണറായിയും 20 മന്ത്രിമാരും റോഡിലിറങ്ങില്ല; അതേ രീതിയില്‍ തിരിച്ചടിക്കുമെന്ന് കെ സുരേന്ദ്രന്‍


തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകോപനപരമായ നിലപാടുമായാണ് ഭരണകക്ഷിയും പ്രതിപക്ഷവും മുന്നോട്ടുപോകുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവര്‍ണര്‍ക്ക് നേരെ കണ്ണൂരിലുണ്ടായ അതിക്രമമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.  

പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരില്‍ ഗവര്‍ണര്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ ഫാസിസ്റ്റ് രീതിയിലുള്ള പ്രതിഷേധമാണ് തുടരുന്നത്‌. കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ നടന്നത് ജനാധിപത്യ പ്രതിഷേധമല്ല. അതിക്രമമായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് പ്രകോപനം ഉണ്ടാക്കാനാണ് ഭരണകക്ഷിയും പ്രതിപക്ഷവും ശ്രമിക്കുന്നത്. അതിക്രമം നടത്തുന്നവര്‍ക്കെതിരെ ഒരു നടപടിയും പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല. കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയെ തടഞ്ഞവര്‍ക്കെതിരെ ഒരു നടപടിയുമെടുക്കാതെ വിട്ടയാക്കാനാണ് പൊലീസ് തയ്യാറായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മതിയായ സുരക്ഷയൊരുക്കിയില്ല. ഗവര്‍ണര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ സര്‍ക്കാരിന്റെ ഒത്താശയോടയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു ബിജെപി മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കുമെതിരെ കരിങ്കൊടി സമരവും അതിക്രമവും തുടരുകയാണെങ്കില്‍  പിണറായിയും 20 മന്ത്രിമാരും റോഡിലിറങ്ങില്ല. ബിജെപി നേതാക്കള്‍ക്ക് കരിങ്കൊടി ഒരു പുത്തരിയില്ല. ജനാധിപത്യത്തില്‍ കരിങ്കൊടി കാണിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അത് ഓര്‍ക്കണം. മുസ്ലീം വോട്ടിന് വേണ്ടിയുള്ള കോപ്രായമാണ് ഇരുവരും കാണിക്കുന്നത്. മന്ത്രിമാരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ച് പൗരത്വഭേദഗതി നിയമം മാറ്റാമെന്ന് ആരും കരുതേണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

സംസ്ഥാനത്ത് ഗവര്‍ണറുടെ പരിപാടികള്‍ തുടര്‍ച്ചയായി അലങ്കോലപ്പെടുത്തുകയാണ്. ഗവര്‍ണറുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ അത് തുറന്ന് പറയട്ടെ. കണ്ണൂരിലേക്ക് ആര്‍ക്കും പോവാന്‍ പറ്റില്ലെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞാല്‍ അത് നടക്കില്ല. ഗവര്‍ണറെ തെരുവില്‍ നേരിടുന്ന പ്രാകൃത നടപടിയില്‍ നിന്ന് സിപിഎം പിന്‍മാറാണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

നാളെ മുഖ്യമന്ത്രി  വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കും. കള്ളപ്രചാരണങ്ങള്‍ക്കെതിരെ ശരിയായ നിലപാട് യോഗത്തില്‍ വ്യക്തമാക്കും.കോണ്‍ഗ്രസാണ് രാജ്യത്ത് എന്‍പിആറിന് തുടക്കമിട്ടത്. എന്‍പിആര്‍ ഞങ്ങളുടെ കുട്ടിയാണെന്നാണ് കോണ്‍ഗ്രസ്‌നേതാക്കള്‍ പറഞ്ഞത്.തടങ്കല്‍ കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ടതും കോണ്‍ഗ്രസാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന്റെ പണം വാങ്ങി അത് നടപ്പാക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇക്കാര്യത്തില്‍ മുസ്ലീം സമുദായത്തോട് മാപ്പുപറയാന്‍ ഇരുവരും തയ്യാറാകണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com