ആവേശം അതിരുകടക്കരുത്! നിങ്ങള്‍ക്ക് ചുറ്റും നിരീക്ഷണ ക്യാമറകള്‍; പുതുവര്‍ഷരാവിനൊരുങ്ങി ഫോര്‍ട്ട്‌കൊച്ചി
By സമകാലികമലയാളം ഡെസ്‌ക് | Published: 31st December 2019 07:46 AM |
Last Updated: 31st December 2019 07:46 AM | A+A A- |

കൊച്ചി: പുതുവര്‍ഷ രാവിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഫോര്‍ട്ട്‌കൊച്ചിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. പുതുവത്സര ആഘോഷങ്ങളും കാര്‍ണിവല്‍ റാലിയും കണക്കിലെടുത്താണ് സുരക്ഷ സജ്ജമാക്കുന്നത്. പുതുവര്‍ഷാഘോഷത്തിനെത്തുന്ന വിദേശികള്‍ക്ക് പ്രത്യേക സ്ഥലം ഒരുക്കുന്നുണ്ട്. ആഘോഷം കഴിഞ്ഞ് മടങ്ങിപ്പോകാന്‍ രാത്രി 12മണിക്ക് ശേഷവും ബസ് സര്‍വീസുമുണ്ടാകും.
ഇന്ന് വൈകിട്ട് നാല് മണി മുതല്‍ തോപ്പുംപടി ബിഒടി പാലം, പഴയ ഹാര്‍ബര്‍ പാലം, ഇടക്കൊച്ചി പാലം, കുമ്പളങ്ങിപാലം, കണ്ടക്കടവ്, കമാലക്കടവ് എന്നിവിടങ്ങളില്‍ പൊലീസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തും. ബീച്ചിലും പരിസരങ്ങളിലും നിരീക്ഷണ ക്യാമറകളും വാച്ച് ടവറുകളും പ്രവര്‍ത്തിപ്പിക്കും.
ഗതാഗത നിയന്ത്രണം
നാളെ ഉച്ചയ്ക്ക് രണ്ടുമണി വരെ വെളി മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇന്നും നാളെയും ഫോര്‍ട്ട്‌കൊച്ചി കെ ബി ജേക്കബ് റോഡില്‍ വാഹന പാര്‍ക്കിങ് പാടില്ല. സൗത്ത് ബീച്ചിലും ഇന്ന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.