സര്‍ക്കാരും ദേവസ്വം ബോര്‍ഡും കാണിച്ചത് കൊലച്ചതി; വിശ്വാസികള്‍ മാപ്പുനല്‍കില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍  സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ജനവിരുദ്ധമാണ്.  ജനങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു. ഇതിന് വിശ്വാസികള്‍ തിരിച്ചടി നല്‍കുമെന്നും ശ്രീധരന്‍പിള്ള
സര്‍ക്കാരും ദേവസ്വം ബോര്‍ഡും കാണിച്ചത് കൊലച്ചതി; വിശ്വാസികള്‍ മാപ്പുനല്‍കില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള

കോഴിക്കോട്: സര്‍ക്കാരും ദേവസ്വം ബോര്‍ഡും കാണിച്ചത് കൊലച്ചതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള. ഇരുകൂട്ടരും വിശ്വാസികളെ വഞ്ചിച്ചു. ഇവര്‍ക്ക് വിശ്വാസികള്‍ മാപ്പുനല്‍കില്ലെന്ന് കാലം തെളിയിക്കുമെന്നും ശ്രീധരന്‍പിളള പറഞ്ഞു. 

സുപ്രീംകോടതിയില്‍  ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍  സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ജനവിരുദ്ധമാണ്.  ജനങ്ങളെ സര്‍ക്കാര്‍ വഞ്ചിച്ചു. ഇതിന് വിശ്വാസികള്‍ തിരിച്ചടി നല്‍കുമെന്നും ശ്രീധരന്‍പിള്ള  പ്രതികരിച്ചു.

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതി വിധി പറയാന്‍ മാറ്റി. രാവിലെ പത്തര മുതല്‍ ഉച്ചയ്ക്കു മൂന്നു മണി വരെ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജികള്‍ തീരുമാനത്തിനായി മാറ്റിയത്. വാദം അവതരിപ്പിക്കാന്‍ അവസരം കിട്ടാതിരുന്ന അഭിഭാഷകര്‍ക്ക് എഴുതിനല്‍കാന്‍ ഒരാഴ്ച സമയം നല്‍കി.

യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരെ 56 പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കേണ്ടതുണ്ടോയെന്നാണ് തുറന്ന കോടതിയില്‍ വാദം കേട്ടത്. ഇവയ്ക്കു പുറമേ നാലു റിട്ട് ഹര്‍ജികള്‍ ഉള്‍പ്പെടെ 65 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയ്ക്കു വന്നത്. 

വിധിയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്ന് വാദത്തിനിടെ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പ്രതിഷ്ഠയുടെ അവകാശം പരിഗണിക്കാതെയാണ് കോടതി കേസില്‍ വിധി പറഞ്ഞതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രാചാരങ്ങള്‍ റദ്ദാക്കിയത് തെറ്റാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. അതേസമയം പുനപ്പരിശോധനാ ഹര്‍ജികളെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ പുതിയ വാദങ്ങളൊന്നും ഹര്‍ജിക്കാര്‍ മുന്നോട്ടുവച്ചിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. നേരത്തെ യുവതീ പ്രവേശനത്തെ എതിര്‍ത്തിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് കോടതിയില്‍ നിലപാടു മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com