തിരുവനന്തപുരത്ത് സ്വതന്ത്രനായി പിപി മുകുന്ദന്‍; ബിജെപി വെട്ടില്‍

തിരുവനന്തപുരത്ത് സ്വതന്ത്രനായി പിപി മുകുന്ദന്‍; ബിജെപി വെട്ടില്‍

നേതൃത്വത്തിന്റെ തെറ്റ് തിരുത്താനാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം - തന്നെ പുറത്താക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണം


തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കി  തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങി പി പി മുകുന്ദന്‍. നേതൃത്വത്തിന്റെ തെറ്റ് തിരുത്താനാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം.  ശിവസേന അടക്കമുള്ള ചില സംഘടനകള്‍ പിന്തുണയുമായി തന്നെ സമീപിച്ചതായും മുകുന്ദന്‍ പറഞ്ഞു. ശബരിമല പ്രശ്‌നം മുതലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും തന്നെ വേണ്ടെങ്കില്‍ പാര്‍ട്ടി പുറത്താക്കട്ടെയെന്നും മുകുന്ദന്‍ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. നടന്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം സജീവമാകുന്നതിനിടെയാണ് പാര്‍ട്ടിക്ക് തലവേദനയായി മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുകുന്ദന്‍ രംഗത്തെത്തിയത്. 
പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാമെന്ന് പറഞ്ഞ നേതാക്കള്‍ ഉറപ്പ് പാലിക്കാത്തതിലുള്ള മടുപ്പും സ്ഥാനാര്‍ത്ഥിയാകുന്നതിന് കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുമായി അകന്ന് ഒറ്റക്ക് മത്സരിക്കാനൊരുങ്ങുന്ന ശിവസേന മുകുന്ദനെ കളത്തിലിറക്കാനുള്ള നീക്കങ്ങളിലാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് സ്വതന്ത്രവേഷത്തിലിറങ്ങാന്‍ ആലോചിച്ചെങ്കിലും ഒ.രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഇടപെട്ടാണ് മുകുന്ദനെ പിന്തിരിപ്പിച്ചത്. ശബരിമല പ്രശ്‌നം സുവര്‍ണ്ണാവസരമാണ്, പക്ഷേ സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവര്‍ അവസരം കളഞ്ഞ് കുളിച്ചെന്നാണ് വിമര്‍ശനം.കുമ്മനം രാജശേഖരന്‍ പ്രസിഡണ്ടായിരിക്കെ പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മുകുന്ദന്‍ തിരിച്ചെത്തിയിരുന്നു. ചില പരിപാടികളിലും സജീവമായി. പക്ഷേ പിന്നീട് മുകുന്ദന് മുന്നില്‍ നേതൃത്വം വാതില്‍ കൊട്ടിയടക്കുകയായിരുന്നു. മുകുന്ദന്റെ മടക്കത്തോട് ആര്‍എഎസ്എസ്സിന് ഇപ്പോള്‍ എതിര്‍പ്പില്ലെങ്കിലും ബിജെപി സംസ്ഥാന നേതൃത്വമാണ് ഉടക്കിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com