കേരളത്തില്‍ സിപിഎമ്മുമായി ധാരണയ്ക്ക് തയ്യാര്‍: മുല്ലപ്പളളി രാമചന്ദ്രന്‍

കേരളത്തിലും സിപിഎമ്മുമായും ധാരണയാകാമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍
കേരളത്തില്‍ സിപിഎമ്മുമായി ധാരണയ്ക്ക് തയ്യാര്‍: മുല്ലപ്പളളി രാമചന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലും സിപിഎമ്മുമായും ധാരണയാകാമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. രാഷ്ട്രീയ ധാരണയ്ക്ക് സിപിഎം അക്രമം അവസാനിപ്പിക്കണം. ദേശീയതലത്തില്‍ ബിജെപിയെ എങ്ങനെ നേരിടണമെന്ന് സിപിഎമ്മിന് വ്യക്തതയില്ല. ലാവ്‌ലിന്‍ അഴിമതി പുറത്തുവരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയെ തൊടാത്തതെന്നും മുല്ലപ്പളളി പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കാന്‍ സംസ്ഥാന ഘടകത്തിന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഇന്നലെ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും ധാരണയാകാമെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടത്. 

ബംഗാളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാത്ത മണ്ഡലത്തില്‍ ബിജെപി തൃണമൂല്‍ വിരുദ്ധ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുമെന്ന് യച്ചൂരി വ്യക്തമാക്കിയിരുന്നു. പിബി യോഗത്തിന് ശേഷമായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

ബംഗാളില്‍ കോണ്‍ഗ്രസിനെതിരെയുളള നിലപാട് മയപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണനും മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണ പ്രാദേശികമായി തീരുമാനിക്കും. ബിജെപിയെ തോല്‍പ്പിക്കാനുള്ള അടവ് നയത്തിന്റെ ഭാഗമായി ധാരണ ആകാമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അത് ഓരോ ഇടങ്ങളിലെയും പ്രാദേശിക സാഹചര്യങ്ങള്‍ അനുസരിച്ചാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു.ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും കോണ്‍ഗ്രസുമായി ഒന്നിച്ച് നില്‍ക്കണമെന്ന്  സിപിഎം ബംഗാള്‍ ഘടകം നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com