രേണുരാജിനെ പിന്തുണച്ച് കലക്ടറുടെ റിപ്പോർട്ട്; എംഎൽഎ ശകാരിച്ചു; നിർമാണങ്ങൾ നിയമവിരുദ്ധം

ദേവികുളം സബ് കലക്ടർ ഡോ. രേണുരാജിനെ പിന്തുണച്ചു കലക്ടറുടെ റിപ്പോർട്ട്
രേണുരാജിനെ പിന്തുണച്ച് കലക്ടറുടെ റിപ്പോർട്ട്; എംഎൽഎ ശകാരിച്ചു; നിർമാണങ്ങൾ നിയമവിരുദ്ധം

തിരുവനന്തപുരം: ദേവികുളം സബ് കലക്ടർ ഡോ. രേണുരാജിനെ പിന്തുണച്ചു കലക്ടറുടെ റിപ്പോർട്ട്. പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലുള്ള സ്ഥലത്ത് മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാ വ്യവസായ കേന്ദ്രം നിര്‍മിക്കുന്നതു നിലവിലുള്ള നിയമങ്ങൾ അട്ടിമറിച്ചാണെന്നും ഹൈക്കോടതി വിധിയുടെ ലംഘനമാണു നടന്നതെന്നും ഇടുക്കി കലക്ടർ സർക്കാരിനു റിപ്പോർട്ട് നൽകി. റവന്യൂ സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറിയത്. 

സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്കു വിനിയോഗിക്കരുതെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടു. മുതിരപ്പുഴയാറിന് ഇരു ഭാഗത്തേക്കും 50 യാഡ് വിട്ട ശേഷമേ നിര്‍മാണം അനുവദിക്കാവൂ. മുതിരപ്പുഴയാറില്‍ നിന്ന് ഏകദേശം ആറ് മീറ്റര്‍ മാത്രം വിട്ടാണ് മൂന്നാര്‍ പഞ്ചായത്ത് കെട്ടിട നിര്‍മാണം നടത്തുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ഇവിടെ വെള്ളം കയറിയിരുന്നു.

പാര്‍ക്കിങ് ഗ്രൗണ്ടിന്റെ വടക്ക് ഭാഗത്ത് 10 മുറിയുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ തീര്‍ന്നിട്ടുണ്ട്. തെക്കുഭാഗത്ത് 10 മുറികളുള്ള കെട്ടിടത്തിന്റെ പണികള്‍‌ തുടങ്ങി. ഹൈക്കോടതിയുടെ ഉത്തരവിനു വിരുദ്ധമായി, പുഴ പുറമ്പോക്കില്‍ നിന്ന് 50 യാഡ് ദൂരപരിധി പാലിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചാല്‍ അതു വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ ഭാഗം ദുര്‍ബലപ്പെടുത്തുമെന്നും റിപ്പോർട്ടിലുണ്ട്. 

പൊതുജന മധ്യത്തില്‍ തന്നെപറ്റി ദേവികുളം എംഎല്‍എ മോശമായി സംസാരിക്കുകയും ഉദ്യോഗസ്ഥ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അവഹേളിച്ചുവെന്നും സബ് കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ റവന്യൂ വകുപ്പിന്റെ അനുമതി ആവശ്യമാണ്. അനുമതി ലഭിക്കുന്നതുവരെ നിര്‍മാണം നടത്താന്‍ കഴിയില്ല എന്ന് സബ്കലക്ടര്‍ അറിയിച്ചു. അന്നേദിവസം ഉച്ചയ്ക്കു ദേവികുളം എംഎല്‍എ റവന്യൂ ഡിവിഷനല്‍ ഓഫിസില്‍ എത്തുകയും നിരോധന ഉത്തരവ് നല്‍കിയ നടപടി ശരിയല്ലെന്നും അറിയിച്ചു.

റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയുള്ള കെട്ടിട നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയ രേണുരാജിനെ സ്ഥലം ‌എംഎല്‍എ എസ് രാജേന്ദ്രൻ അധിക്ഷേപിച്ചതു വിവാദമായിരുന്നു. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് എംഎല്‍എയ്ക്കെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഇതിനുപിന്നാലെയാണു കലക്ടറുടെ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com