വിവാഹത്തിന് പണം വേണം, സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് അലമാരയും വസ്ത്രങ്ങളും വാങ്ങി, മൃതദേഹം സെപ്റ്റിക് ടാങ്കിലിടാന്‍ അമ്മയോട് കമ്പിപ്പാര ചോദിച്ചു; ഞെട്ടല്‍ 

മാത്തൂര്‍ ചുങ്കമന്ദത്ത് വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍
വിവാഹത്തിന് പണം വേണം, സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് അലമാരയും വസ്ത്രങ്ങളും വാങ്ങി, മൃതദേഹം സെപ്റ്റിക് ടാങ്കിലിടാന്‍ അമ്മയോട് കമ്പിപ്പാര ചോദിച്ചു; ഞെട്ടല്‍ 

പാലക്കാട്: മാത്തൂര്‍ ചുങ്കമന്ദത്ത് വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍. ഓമനയുമായി വാക്കുതര്‍ക്കം ഉണ്ടായതോടെ തലക്കടിച്ചെന്നും താഴെവീണതോടെ കയറുകൊണ്ടു വരിഞ്ഞുമുറുക്കി ചാക്കിലാക്കിയെന്നുമാണ് പ്രതി ചുങ്കമന്ദം കൂമന്‍കാട് സ്വദേശി ഷൈജു പൊലീസിന് നല്‍കിയ മൊഴി. മൃതദേഹത്തില്‍ നിന്നെടുത്ത സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് വസ്ത്രങ്ങളും അലമാരയുമൊക്കെ വാങ്ങാന്‍ ഷൈജു ശ്രമിച്ചതാണ് പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

ഷൈജുവിന് പുറമെ ബന്ധുവായ വിജീഷ്, സുഹൃത്ത് കൊഴിഞ്ഞല്‍പറമ്പ് പി.ഗിരീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവരില്‍ ഷൈജു മാത്രമാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കൂടംതൊടി വീട്ടില്‍ 63 വയസുളള ഓമനയെ ഷൈജു കൊലപ്പെടുത്തിയത്. ഓമനയുമായി വാക്കുതര്‍ക്കം ഉണ്ടായതോടെ തലക്കടിച്ചെന്നും താഴെവീണതോടെ കയറുകൊണ്ടു വരിഞ്ഞുമുറുക്കി ചാക്കിലാക്കിയെന്നുമാണ് ഷൈജു പൊലീസിന് നല്‍കിയ മൊഴി.  ഓമനയുമായി വ്യക്തിവിരോധമുണ്ടെന്ന് ഷൈജു പൊലീസിനോട് പറഞ്ഞെങ്കിലും ഇത് തെറ്റാണെന്നാണ് വിവരം. 

ഷൈജുവിന്റെ ലഹരി ഉപയോഗത്തിനെതിരെ ഓമന പ്രതികരിക്കുകയും ഉപദേശിക്കുകയും ചെയ്തതു പ്രകോപന കാരണമായെന്നു പൊലീസ് സംശയിക്കുന്നു.സംഭവദിവസമായ ശനിയാഴ്ച പാടത്തു നിന്നു വീട്ടിലേക്കു മടങ്ങിയ ഓമന ഇടയ്ക്കു ഷൈജുവിന്റെ വീട്ടില്‍ കയറി. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതനായ ഷൈജു ഓമനയുടെ മുഖത്ത് ഇടിച്ചു. താഴെ വീണ ഓമന നേരിയ ബോധത്തില്‍ ഒച്ചവയ്ക്കാന്‍ തുടങ്ങി.ഇതോടെ വായ പൊത്തിപ്പിടിച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രതി നല്‍കിയ മൊഴിയെന്ന് പൊലീസ് പറയുന്നു. 

പിന്നീട് ആഭരണങ്ങള്‍ ഊരിയെടുത്ത ശേഷം മൃതദേഹം വരിഞ്ഞുകെട്ടി ചാക്കിലാക്കി കട്ടിലിനടിയില്‍ തള്ളി. മോഷ്ടിച്ച മോതിരം ധനകാര്യ സ്ഥാപനത്തില്‍ സുഹൃത്ത് ഗിരീഷിന്റെ സഹായത്തോടെ 7000 രൂപയ്ക്കു പണയം വച്ചു. പണയത്തിന് ആധാര്‍ കാര്‍ഡ് വേണമെന്ന് അറിയിച്ചതോടെയാണു ഗിരീഷിന്റെ സഹായം തേടിയത്. 

പിന്നീട് ചുങ്കമന്ദത്തെത്തി സ്വര്‍ണവളകള്‍ വസ്ത്രവില്‍പനശാലയില്‍ വില്‍ക്കാന്‍ ശ്രമിച്ചു. നടക്കാതെ വന്നപ്പോള്‍ ഗിരീഷിനെ വരുത്തി നേരത്തെ പണയത്തിലൂടെ ലഭിച്ച തുക ഉപയോഗിച്ചു വസ്ത്രങ്ങള്‍ വാങ്ങി. സെപ്റ്റിക് ടാങ്ക് തുറന്നു മൃതദേഹം അതിലേക്കിടാനും ശ്രമം നടത്തി.ഇതിനായി പ്രതി അമ്മയോട് കമ്പിപ്പാരയും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, സമീപത്തെ വിവാഹ ആഘോഷത്തിലും പങ്കെടുത്തു.ജോലിക്കൊന്നും പോകാതെ നിത്യവും മദ്യപിക്കുന്ന ഷൈജു വിവാഹിതനാകാന്‍ പണത്തിനായി ശ്രമിക്കുകയായിരുന്നുവെന്നും ഇതാകാം സ്വര്‍ണാഭരണമെടുത്ത് പണം കണ്ടെത്താന്‍ ഷൈജു ശ്രമിച്ചതിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. 

ഗിരീഷിനു കൊലപാതകത്തില്‍ നേരിട്ടു പങ്കില്ലെങ്കിലും തെളിവു നശിപ്പിക്കല്‍, വിവരം മറച്ചുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പങ്കാളിയാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com