വ്യക്തിപരമായി അധിക്ഷേപിച്ചു ; എസ് രാജേന്ദ്രനെതിരെ സബ് കളക്ടര്‍ രേണുരാജ് സ്പീക്കര്‍ക്ക് പരാതി നല്‍കി

എംഎല്‍എ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് പരാതിയില്‍ സബ് കളക്ടര്‍ അറിയിച്ചു
വ്യക്തിപരമായി അധിക്ഷേപിച്ചു ; എസ് രാജേന്ദ്രനെതിരെ സബ് കളക്ടര്‍ രേണുരാജ് സ്പീക്കര്‍ക്ക് പരാതി നല്‍കി

തിരുവനന്തപുരം : ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ ദേവികുളം സബ്കളക്ടര്‍ രേണുരാജ് സ്പീക്കര്‍ക്ക് പരാതി നല്‍കി. എംഎല്‍എ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് പരാതിയില്‍ സബ് കളക്ടര്‍ അറിയിച്ചു.  കോടതി വിധി പ്രകാരം മൂന്നാര്‍ പഞ്ചായത്ത് നടത്തിയ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തിന്റെ മുന്നില്‍വെച്ചാണ് എംഎല്‍എ മോശമായ പദപ്രയോഗത്തിലൂടെ അധിക്ഷേപിച്ചതെന്ന് രേണുരാജ് പരാതിയില്‍ വ്യക്തമാക്കി.

അതേസമയം സബ് കളക്ടര്‍ തന്നെ അപമാനിച്ചതായി കാണിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എയും സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സബ് കളക്ടറോട് മോശമായ പദപ്രയോഗം നടത്തിയ രാജേന്ദ്രന്റെ നടപടിയില്‍ സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി വിശദീകരണം തേടിയിരുന്നു. രാജേന്ദ്രന്റെ പരാമര്‍ശം അനുചിതമായിപ്പോയെന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. എംഎല്‍എക്കെതിരെ നടപടി ഉണ്ടാകുമെന്നും പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചു. 

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മൂന്നാര്‍ പഞ്ചായത്തിന്റെ 60 മുറികളുള്ള കെട്ടിടസമുച്ചയ നിര്‍മാണമാണ് വിവാദമായത്. പുഴയോരത്ത് നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ചാണ് വനിതാ വ്യവസായ കേന്ദ്രമെന്ന പേരില്‍ പഴയ മൂന്നാര്‍ ബസ്സ്റ്റാന്‍ഡില്‍ നിര്‍മാണം. സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇത് അവഗണിച്ച് പണി തുടര്‍ന്നപ്പോള്‍ വെള്ളിയാഴ്ച റവന്യൂസംഘം തടയാനെത്തിയിരുന്നു.

എസ് രാജേന്ദ്രന്റെയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പസ്വാമിയുടെയും നേതൃത്വത്തില്‍ റവന്യൂ സംഘത്തെ തടയാൻ എത്തിയപ്പോഴായിരുന്നു എംഎൽഎയുടെ മോശം പരാമർശം. റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍പില്‍വച്ചാണ് എസ്. രാജേന്ദ്രന്‍ എം.എല്‍.എ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചത്. സബ് കളക്ടര്‍ ബുദ്ധിയില്ലാത്തവളാണെന്നും വെറും ഐ.എ.എസ്. കിട്ടിയെന്നും പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എം.എല്‍.എയുടെ വിവാദ പരാമര്‍ശം. 

സബ്കളക്ടര്‍ക്കെതിരേ രാജേന്ദ്രൻ മോശമായ ഭാഷയിൽ സംസാരിച്ചത് മാധ്യമങ്ങളിൽ വൻവാർത്തയായി. ആദ്യം നിഷേധിച്ചെങ്കിലും സിപിഎമ്മിലും എതിർപ്പ് ഉയർന്നതോടെ, എസ് രാജേന്ദ്രൻ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com