മുക്കാല്‍ മാര്‍ക്ക് കൂടി കൊടുത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പാസാക്കണമെന്ന് ഹൈക്കോടതി; അങ്ങനെ ജയിപ്പിക്കാനാവില്ലെന്ന് സര്‍വകലാശാല

മുക്കാല്‍ മാര്‍ക്ക് കൂടി കൊടുത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പാസാക്കണമെന്ന് ഹൈക്കോടതി; അങ്ങനെ ജയിപ്പിക്കാനാവില്ലെന്ന് സര്‍വകലാശാല

എംബിബിഎസിന് ഒന്നാം വര്‍ഷം തോറ്റ പേപ്പര്‍ മൂന്ന് വട്ടം എഴുതിയിട്ടും കിട്ടാതായതോടെയാണ് വിദ്യാര്‍ത്ഥിനി അറ്റകൈ പ്രയോഗം നടത്തിയത്

തൃശൂര്‍; മുക്കാല്‍ മാര്‍ക്ക് കൂടി കിട്ടിയാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായുള്ള കഷ്ടപ്പാട് അവസാനിക്കും. ഇനിയും പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മുക്കാല്‍ മാര്‍ക്കിന് വേണ്ടി വിദ്യാര്‍ത്ഥിനി കോടതി കയറി. കഷ്ടപ്പാട് കണ്ട് മനസലിഞ്ഞാകും മുക്കാല്‍ മാര്‍ക്ക് കൊടുത്ത് ജയിപ്പിച്ച് വിടാന്‍ ഹൈക്കോടതിയും ഉത്തരവായി. എന്നാല്‍ അങ്ങനെ ജയിപ്പിക്കാനാവില്ലെന്നും വിധി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ആരോഗ്യസര്‍വകലാശാല. കോഴിക്കോടുള്ള സ്വാശ്രയ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥിനിയാണ് ജയിക്കാന്‍ വേണ്ടി കോടതി കയറിയത്. 

എംബിബിഎസിന് ഒന്നാം വര്‍ഷം തോറ്റ പേപ്പര്‍ മൂന്ന് വട്ടം എഴുതിയിട്ടും കിട്ടാതായതോടെയാണ് വിദ്യാര്‍ത്ഥിനി അറ്റകൈ പ്രയോഗം നടത്തിയത്. വിദ്യാര്‍ത്ഥിനി മൂന്നാം വര്‍ഷത്തില്‍ എത്തിയിട്ടും ആദ്യ വര്‍ഷത്തെ പേപ്പര്‍ എഴുതി എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ തവണ എഴുതിയപ്പോള്‍ നേരിയ മാര്‍ക്കിനായിരുന്നു പരാജയം. ഒരു വിഷയത്തിന് മുക്കാല്‍ മാര്‍ക്കുകൂടി കിട്ടിയാല്‍ മോഡറേഷന്റെ സഹായത്തോടെ ഒന്നാം വര്‍ഷം കടന്നുകൂടാം. ഇതിനുള്ള ഉത്തരവാണ് കോടതിയില്‍ നിന്ന് ലഭിച്ചത്. 

വിധിയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് കൂട്ടിത്തരണമെന്ന് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ചു. എന്നാല്‍ ഇത്തരത്തില്‍ മാര്‍ക്ക് നല്‍കാനാവില്ലെന്നും വിധി പുനഃപരിശോധിക്കണം എന്നുമാണ് സര്‍വകലാശാലയുടെ വാദം. വിധിയെ എതിര്‍ത്തുകൊണ്ട് അവര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഇതിന് ശേഷം മാത്രമേ മാര്‍ക്ക് കൂടുതല്‍ നല്‍കുന്നത് പരിഗണിക്കൂ.

ഫിസിയോളജിയുടെ രണ്ടാം പേപ്പറിന് കിട്ടിയത് 18.25 മാര്‍ക്കായിരുന്നു. മാര്‍ക്ക്‌ലിസ്റ്റില്‍ ഇത് 18 മാര്‍ക്കായി റൗണ്ട് ചെയ്തു. എന്നാല്‍, 19 മാര്‍ക്കായി റൗണ്ട് ചെയ്യണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com