കൊച്ചിയിൽ പുക ശല്യം അതിരൂക്ഷം; ആളുകൾക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും; സംശയാസ്പദമെന്ന് മേയര്‍ 

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപ്പിടിത്തമുണ്ടായതിനെ തുടർന്നുള്ള പുക കൊച്ചി ന​ഗരത്തിൽ വ്യാപിക്കുന്നു
കൊച്ചിയിൽ പുക ശല്യം അതിരൂക്ഷം; ആളുകൾക്ക് കണ്ണെരിച്ചിലും അസ്വസ്ഥതകളും; സംശയാസ്പദമെന്ന് മേയര്‍ 

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപ്പിടിത്തമുണ്ടായതിനെ തുടർന്നുള്ള പുക കൊച്ചി ന​ഗരത്തിൽ വ്യാപിക്കുന്നു. പുകയേറ്റ് ആളുകൾ കണ്ണെരിച്ചിലും അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ചമ്പക്കര, വൈറ്റില, മരട്, കുണ്ടന്നൂർ, കടവന്ത്ര, അമ്പലമുകൾ, എംജി റോഡ് പ്രദേശങ്ങളിലാണ് പുക ശല്യം വ്യാപിച്ചിരിക്കുന്നത്.  

പ്ലാന്റിലെ പ്ലാസ്റ്റിക് സംസ്‌കരിക്കുന്ന മേഖലയിലാണ് ഇന്നലെ തീപ്പിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും അണക്കാൻ സാധിച്ചിട്ടില്ല. തീ പൂർണമായും അണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. 

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. അഗ്‌നിശമന സേന, ബിപിസിഎല്‍ എന്നിവയുടേതടക്കം 15 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. 

കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം നാലുവട്ടം ഇങ്ങനെ മാലിന്യക്കൂനകൾക്ക് മേൽ തീ പടർന്നു. ഇത്തവണത്തേത് ആകട്ടെ അടുത്ത കാലത്ത് ഉണ്ടായത്തിൽ ഏറ്റവും വലുതുമായി. 

അതേ സമയം ബ്രഹ്മപുരത്തെ തീപ്പിടിത്തം സംശയാസ്പദമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നാല് ഭാഗത്തു നിന്ന് തീ പടരുന്ന സാഹചര്യമാണുള്ളതെന്നും സംഭവം ആസൂത്രിതമാണോ എന്ന് സംശയിക്കുന്നു. ഇത് കണ്ടെത്താൻ അടിയന്തര അന്വേഷണം സൗമിനി ജയിൻ ആവശ്യപ്പെട്ടു.

ഇങ്ങനെ അസ്വാഭാവികമായി തീ പടർന്നത് മൂലം ഫയർ എഞ്ചിനുകൾ പോലും സ്ഥലത്തേക്ക് എത്തിക്കാൻ ഏറെ പണിപ്പെട്ടു. തീ പടരുന്ന ഭാഗങ്ങളിൽ നിന്ന് മാലിന്യം കോരിമാറ്റി നിയന്ത്രിക്കാൻ സാധാരണ ഉപയോഗിക്കുന്ന മണ്ണുമാന്തികൾ എത്തിക്കാനും തുടക്കത്തിൽ കഴിഞ്ഞില്ല. ഈ സാഹചര്യങ്ങളെല്ലാം പരിശോധിക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ തവണത്തെ തീപ്പിടിത്തങ്ങൾക്ക് ശേഷം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി നീങ്ങിയില്ലെന്ന് മേയർ പറയുന്നു. അന്വേഷണത്തിന് ഇത്തവണ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായും മേയർ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com