അഗസ്ത്യാർകൂടം കയറാൻ ഒരുങ്ങി നിരവധി സ്ത്രീകൾ; ആചാരലംഘനം അനുവദിക്കില്ലെന്ന് ആ​ദിവാസി മഹാസഭ; വനിതകളെ രം​ഗത്തിറക്കി പ്രതിരോധിക്കാൻ‌ നീക്കം

അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾ കയറിയാൽ തടയുമെന്ന് ആദിവാസി മഹാസഭക്ക് കീഴിലെ സ്ത്രീകളുടെ കൂട്ടായ്മ
അഗസ്ത്യാർകൂടം കയറാൻ ഒരുങ്ങി നിരവധി സ്ത്രീകൾ; ആചാരലംഘനം അനുവദിക്കില്ലെന്ന് ആ​ദിവാസി മഹാസഭ; വനിതകളെ രം​ഗത്തിറക്കി പ്രതിരോധിക്കാൻ‌ നീക്കം

തിരുവനന്തപുരം: അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾ കയറിയാൽ തടയുമെന്ന് ആദിവാസി മഹാസഭക്ക് കീഴിലെ സ്ത്രീകളുടെ കൂട്ടായ്മ. അഗസ്ത്യ മലയിലേക്ക് സ്ത്രീകളെത്തുന്നത് ആചാര ലംഘനമാണെന്ന് ആദിവാസി മഹാസഭ വ്യക്തമാക്കി. ഇതിനെതിരെ വനിതകളെ തന്നെ രംഗത്തിറക്കി പ്രതിഷേധിക്കാനാണ് ആദിവാസി മഹാസഭ നിശ്ചയിച്ചിരിക്കുന്നത്. യാത്ര തുടങ്ങുന്ന 14ന് ബോണക്കാട് ആദിവാസി സ്ത്രീകളുടെ പ്രതിഷേധ യജ്ഞം സംഘടിപ്പിക്കും. സ്ത്രീകൾക്ക് യാത്രാനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ നിയമ നടപടി സ്വീകരിക്കാനും സംഘടന ആലോചിക്കുന്നുണ്ട്.  പ്രശ്നത്തിൽ സർക്കാരിന്‍റെ ഇടപെടലും ആദിവാസി മഹാസഭ  ആവശ്യപ്പെടുന്നുണ്ട്.

നിരവധി സ്ത്രീകളാണ് ഇതിനകം യാത്രക്കായി രജിസ്റ്റർ ചെയ്തത്. കോടതി ഉത്തരവ് ഉള്ള സാഹചര്യത്തിൽ വനംവകുപ്പിന് സ്ത്രീകളുടെ യാത്രയെ തടയാനുമാകില്ല. എന്നാല്‍ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കാനുള്ള നീക്കത്തിലാണ് സർക്കാർ. എന്നാൽ പ്രതിഷേധങ്ങൾ ഭയന്ന് പിന്മാറാനില്ലെന്നാണ് മല കയറാൻ അനുമതി നേടിയെടുത്തവരുടെ നിലപാട്. 

അഗസ്ത്യ മലയുടെ അടിവാരത്ത് 27 സെറ്റിൽമെന്‍റ് കോളനികളിലായി 1500 ആദിവാസികളാണ് താമസിക്കുന്നത്. ഇവിടെയുള്ള സ്ത്രീകളാരും ഇതുവരെ മലയുടെ നെറുകയിലേക്ക് കയറിയിട്ടില്ലെന്നാണ് ഇവർ പറയുന്നത്. അഗസ്ത്യാർകൂടത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിര കാണി വിഭാഗവും രംഗത്തെത്തിയിരുന്നു. സ്ത്രീകളെത്തുന്നതിനെ എതിര്‍ക്കുന്ന കാണി വിഭാഗക്കാർ വി‍ജ്ഞാപനത്തോടുള്ള നിലപാട് ഇതുലവരെ വ്യക്തമാക്കിയിട്ടില്ല. 

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രക്ക് ഇത്തവണ മുതൽ സ്ത്രീകൾക്കും അനുമതി നൽകി വനംവകുപ്പ് നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി സ്ത്രീ സംഘങ്ങള്‍ നടത്തുന്ന നിയമ പോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടാക്കിയത്. സ്ത്രീകളുടെ ആവശ്യത്തെ തുടർന്ന് അഗസ്ത്യാർകൂടത്തിന്‍റെ ബേസ് ക്യാമ്പായ അതിരുമല വരെ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകി കഴിഞ്ഞ വർഷം വനംവകുപ്പ് ഉത്തരവിറക്കി. അഗസ്ത്യാർകൂടമലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരെ ആദിവാസികളും ചില സംഘടനകളും ഉയർത്തിയ പ്രതിഷേധത്തെ തുടർന്നായിരുന്നു ഇത്.

എന്നാൽ മലയുടെ ഏറ്റവും മുകളിൽ വരെ അനുമതിവേണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടും യുവതികൾ ഹൈക്കോടതിയെ സമീപിച്ചു. ഈ ആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകൾക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാൻ കോടതി അനുമതി നല്‍കിയത്. ഈ സാഹചര്യത്തിലാണ് വനംവകുപ്പിന്‍റെ വിജ്ഞാപനം. 14 വയസിന് മുകളിൽ പ്രായവും കായികക്ഷമതയുമുള്ള ആർക്കു വേണമെങ്കിലും അപേക്ഷിക്കാം. എന്നാൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

സ്ത്രീകൾ വരുന്ന പശ്ചാത്തലത്തിൽ യാത്ര തുടങ്ങുന്ന ബോണക്കാടും ബേസ് ക്യാമ്പായ അതിരുമലയിലും ഫോറസ്റ്റിന്‍റെ വനിതാ ഗാർഡുമാർ ഉണ്ടാകുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. ബേസ് ക്യാമ്പിൽ സ്ത്രീകൾക്ക് താമസ സൗകര്യം ഒരുക്കുന്നുണ്ട്. ശബരിമല യുവതീ പ്രവേശം വലിയ ചർച്ചയായിരിക്കെയാണ് അഗസ്ത്യാർ കൂടത്തിന്‍റെ നെറുകൈയിലേക്കും സ്ത്രീകള്‍ കയറാനൊരുങ്ങുന്നത്. ഈ മാസം 14 മുതൽ മാർച്ച് ഒന്നുവരെയാണ് അഗസ്ത്യാർക്കൂട യാത്ര.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com