'താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല' ; വിശദീകരണം നല്‍കാന്‍ ഹാജരാകില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

കന്യാസ്ത്രീ സന്യാസ സഭയ്ക്കും എഫ്‌സിസി സന്യാസസമൂഹത്തിനും നാണക്കേടുണ്ടാക്കിയെന്നാണ് മദര്‍ ജനറാള്‍ നല്‍കിയ നോട്ടീസ് കുറ്റപ്പെടുത്തിയത്
'താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല' ; വിശദീകരണം നല്‍കാന്‍ ഹാജരാകില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

വയനാട് : താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, വിശദീകരണവുമായി മദര്‍ ജനറാളിന്റെ മുന്നില്‍ ഹാജരാകില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പ്രതികരിച്ചു. നാളെ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന മദര്‍ ജനറാളിന്റെ നോട്ടീസിനോട് പ്രതികരിക്കുകയായിരുന്നു കന്യാസ്ത്രീ. തനിക്കെതിരായ കാരണം കാണിക്കല്‍ നോട്ടീസ് അംഗീകരിക്കില്ല. താന്‍ ന്യായത്തിന് വേണ്ടിയുള്ള പോരാട്ടമാണ് കൊച്ചിയില്‍ നടത്തിയത്. ബിഷപ്പ് ഫ്രാങ്കോയും ഫാദര്‍ റോബിനും ചെയ്തത് സഭയ്ക്ക് എതിരാണെന്നാണ് വിശ്വസിക്കുന്നതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുരക്കലും അണിചേര്‍ന്നിരുന്നു.

സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മാധ്യമങ്ങളോട് സംസാരിച്ചതും, പുസ്തകം പ്രസിദ്ധീകരിച്ചതും, പുതിയ കാര്‍ വാങ്ങിയതും, സഭയുടെ അനുമതിയില്ലാതെയാണ്. കൂടാതെ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇക്കാര്യങ്ങളില്‍ നാളെ നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനോട് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. 

കന്യാസ്ത്രീ സന്യാസ സഭയ്ക്കും എഫ്‌സിസി സന്യാസസമൂഹത്തിനും നാണക്കേടുണ്ടാക്കിയെന്നാണ് മദര്‍ ജനറാള്‍ നല്‍കിയ നോട്ടീസ് കുറ്റപ്പെടുത്തിയത്. സിസ്റ്റര്‍ നേരിട്ട് ഹാജരായി നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കാനോനിക നിയമപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കും. സഭയില്‍ നിന്നും പുറത്താക്കല്‍ അടക്കമുള്ള കടുത്ത നടപടി ഉണ്ടായേക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

വയനാട് മാനന്തവാടി രൂപതയിലെ കന്യാസ്ത്രീയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. കഴിഞ്ഞ ദിവസം ഇവര്‍ ചുരിദാര്‍ ഇട്ടുകൊണ്ടുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com