ദേശീയ പണിമുടക്ക്;  സംസ്ഥാനത്തെ ട്രെയ്ന്‍ ഗതാഗതം താറുമാറായി

തിരുവനന്തപുരത്തു നിന്നും പുറപ്പെടേണ്ടിയിരുന്ന വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്
ദേശീയ പണിമുടക്ക്;  സംസ്ഥാനത്തെ ട്രെയ്ന്‍ ഗതാഗതം താറുമാറായി

തിരുവനന്തപുരം; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രെയ്ഡ് യൂണിയന്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് തുടരുന്നു. സമരാനുകൂലികള്‍ തടഞ്ഞതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയ്ന്‍ ഗതാഗതം താറുമാറായി. തിരുവനന്തപുരത്തു നിന്നും പുറപ്പെടേണ്ടിയിരുന്ന വേണാട് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. പരശുറാം, ജനശതാപ്തി, രപ്തിസാഗര്‍ തുടങ്ങിയ ട്രെയ്‌നുകളും വൈകും. 

പണിമുടക്ക് ആരംഭിച്ചതിന് പിന്നാലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സമരാനുകൂലികള്‍ എത്തി ട്രെയ്ന്‍ തടയുകയായിരുന്നു. ഇതോടെ പൊതുഗതാഗതം തടസപ്പെട്ടേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് 48 മണിക്കൂര്‍ നീളും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. 

മിനിമം വേതനം 18,000 രൂപയാക്കുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിലാളികള്‍ക്ക് മിനിമം പെന്‍ഷന്‍ 3000 രൂപ വീതം പ്രതിമാസം ആക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. 

പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഓട്ടോ, ബസ് , ടാക്‌സി സര്‍വ്വീസുകള്‍ നിരത്തിലിറങ്ങില്ല. റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് വ്യാപാരി വ്യവസായി സംഘടനകളുടെ നിലപാട്. കടകള്‍ നിര്‍ബന്ധിതമായി അടപ്പിക്കുകയോ, വാഹനങ്ങള്‍ തടയുകയോ ചെയ്യുകയില്ലെന്ന് ട്രേഡ് യൂണിയനുകളുടെ പ്രതിനിധികള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com