പണിമുടക്കിന്റെ നഷ്ടം നികത്താന്‍ പണം വെച്ച് ചീട്ടുകളി; അഞ്ചംഗ സംഘം പിടിയില്‍

പിടിയിലായവര്‍ മറ്റ് കേസുകളിലൊന്നും ഉള്‍പ്പെട്ടവരല്ലെന്നും, സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ഇതിലേര്‍പ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി
പണിമുടക്കിന്റെ നഷ്ടം നികത്താന്‍ പണം വെച്ച് ചീട്ടുകളി; അഞ്ചംഗ സംഘം പിടിയില്‍

കൊച്ചി: ഹര്‍ത്താല്‍, പണിമുടക്ക് ദിവസങ്ങളില്‍ വരുന്ന തൊഴില്‍ നഷ്ടം നികത്താന്‍ പണം വെച്ച് ചീട്ടുകളിച്ചു വരികയായിരുന്ന സംഘത്തെ പൊലീസ് പിടികൂടി. അഞ്ചംഗ സംഘത്തെയാണ് ഷാഡോ പൊലീസ് കൊച്ചിയില്‍ പിടികൂടിയത്. പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴായിരുന്നു വ്യത്യസ്തമായ കഥ പുറത്തുവന്നത്. 

ചെട്ടിച്ചിറ ബിവറേജസിന് സമീപത്തുള്ള രഹസ്യത്താവളത്തിലായിരുന്നു ഇവരുടെ കളി. കടവന്ത്ര സ്വദേശികളായ സുനില്‍ കുമാര്‍(42), നിഖില്‍(28), രാധാകൃഷ്ണന്‍(53), ഉദയാ കോളനി സ്വദേശി സുദീഷ്യ(36), പൊന്നുരുന്നി സ്വദേശി സതീശന്‍(44) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പലിശയ്ക്ക് പണം കടമെടുത്തായിരുന്നു ഇവരുടെ ചീട്ടുകളി. ദിവസക്കൂലിക്കാരായ തങ്ങളുടെ വരുമാനം ഹര്‍ത്താല്‍, പണിമുടക്ക് ദിവസങ്ങളില്‍ നഷ്ടപ്പെടുന്നുവെന്നും, ഇതിന്റെ സാമ്പത്തിക നഷ്ടം തീര്‍ക്കുന്ന പ്രശ്‌നങ്ങളുമാണ് ചീട്ടുകളി സംഘം ചോദ്യം ചെയ്യവെ പൊലീസിനോട് പറഞ്ഞത്. 

പണിമുടക്ക്, ഹര്‍ത്താല്‍ ദിവസങ്ങളില്‍ ചീട്ടുകളിക്കാന്‍ പണം നല്‍കുന്ന സംഘവും ഇവര്‍ക്കിടയില്‍ സജീവമാണെന്ന് പൊലീസ് കണ്ടെത്തി. 31,000 രൂപയാണ് പിടിയിലായവരില്‍ നിന്നും കണ്ടെത്തിയത്. പണം വെച്ചുള്ള ചീട്ടുകളിയെ കുറിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി.ദിനേശിന് പരിസരവാസികള്‍ രഹസ്യ വിവരം നല്‍കുകയായിരുന്നു. എന്നാല്‍ പിടിയിലായവര്‍ മറ്റ് കേസുകളിലൊന്നും ഉള്‍പ്പെട്ടവരല്ലെന്നും, സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ഇതിലേര്‍പ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com