ജനത്തെ ഭിന്നിപ്പിക്കുന്ന ആര്‍എസ്എസ്-ബിജെപിക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കണം; പാ രഞ്ജിത്ത്

ആര്‍എസ്എസ്സും ബിജെപി സര്‍ക്കാറും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിന് എതിരെ ജനങ്ങളെ ഒന്നിപ്പിക്കേണ്ടത് പ്രധാന വിഷയമാണ്. ഏറെ വെല്ലുവിളി നിറഞ്ഞതാണ് പാ രഞ്ജിത്ത്
ജനത്തെ ഭിന്നിപ്പിക്കുന്ന ആര്‍എസ്എസ്-ബിജെപിക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കണം; പാ രഞ്ജിത്ത്

കൊച്ചി: ആര്‍എസ്എസും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് സംവിധായകന്‍ പാ രഞ്ജിത്ത്. ആര്‍ത്തവ അയിത്തത്തിനെതിരേ കൊച്ചിയില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ പാ രഞ്ജിത്ത് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

ആര്‍എസ്എസ്സും ബിജെപി സര്‍ക്കാറും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിന് എതിരെ ജനങ്ങളെ ഒന്നിപ്പിക്കേണ്ടത് പ്രധാന വിഷയമാണ്. ഏറെ വെല്ലുവിളി നിറഞ്ഞതാണ് പാ രഞ്ജിത്ത് പറഞ്ഞു. 

ഇന്ത്യ മുഴുവന്‍ സ്ത്രീകളെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ അരങ്ങേറുകയാണ്. എല്ലാ മേഖലയില്‍ നിന്നും സ്ത്രീകള്‍ ശക്തമായി മുന്നോട്ട് വരുന്നുണ്ട്. എന്നാലും ജാതിമതം ഇവയുടെ പേരില്‍ പൗരോഹിത്യം അധികാരം ഉറപ്പിക്കുന്നുണ്ട്. അതിനെ എതിര്‍ത്ത് കേരളത്തില്‍ ഒരു സാംസ്‌കാരിക പോരാട്ടം നടക്കുന്നു. 

ആര്‍ത്തവം ആയ ഒരു പെണ്‍കുട്ടിയെ വീടിന് പുറത്ത് കുടിലില്‍ താമസിപ്പിച്ച്, ആ കുടിലിന് മേല്‍ മരം വീണ് പെണ്‍കുട്ടി ദാരുണമായി മരിച്ച സംഭവം ഈയടുത്താണ് ഉണ്ടായത്. സ്ത്രീകള്‍ക്കെതിരായ ചടങ്ങുകളാണ് എവിടെയും. അതിനെതിരെ ശബ്ദമുയര്‍ത്തുന്നതിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ട്. ചെന്നൈയില്‍ നിന്നുള്ള ഞങ്ങളുടെ ദ കാസ്റ്റ്‌ലെസ് കളക്ടീന് ബാന്‍ഡ് ഇവിടെ വന്ന് പരിപാടി അവതരിപ്പിക്കാന്‍ അവസരം ഒരുക്കിയതിലും അതിയായ സന്തോഷമുണ്ട്. 

ജാതി സമത്വം, ലിംഗ സമത്വം ഇവ അനിവാര്യമാണ്. ഡിജിറ്റലായി ഇന്ത്യ മുന്നേറി എന്ന് പറയുന്ന അവസ്ഥയിലും ആചാരങ്ങള്‍ നമ്മളെ പിന്നോട്ട് കൊണ്ടുപോകുന്നു. ജാതി ചിന്ത ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്‌നമാണ്, ലിംഗ നീതി ഇന്ത്യയ്ക്ക് ഏറ്റവും അനിവാര്യമായതും. അതുകൊണ്ട് നമ്മള്‍ അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം പാ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com