പാമ്പുകളെ പിടിക്കാന്‍ മേയര്‍ ; കൈയടിയുമായി നാട്ടുകാര്‍

നഗരസഭ ഭരണം മാത്രമല്ല പാമ്പു പിടുത്തവും കൊച്ചി മേയര്‍ സൗമിനി ജെയിന് പുഷ്പം പോലെയാണ്
പാമ്പുകളെ പിടിക്കാന്‍ മേയര്‍ ; കൈയടിയുമായി നാട്ടുകാര്‍

കൊച്ചി : നഗരസഭ ഭരണം മാത്രമല്ല പാമ്പു പിടുത്തവും കൊച്ചി മേയര്‍ സൗമിനി ജെയിന് പുഷ്പം പോലെയാണ്. സൗമിനി ജെയിനും കുടുംബവും ഇപ്പോള്‍ പാമ്പുകളുടെ പിന്നാലെയാണ്. വീടിനു സമീപത്തെ വളപ്പുകളില്‍ കടന്നുകൂടിയ മലമ്പാമ്പിനെ കഴിഞ്ഞ ദിവസം പിടികൂടി വനംവകുപ്പിന് കൈമാറിയിരുന്നു. മേയര്‍ തന്നെ നേരിട്ടിറങ്ങിയായിരുന്നു പാമ്പു പിടുത്തത്തിന് നേതൃത്വം നല്‍കിയത്. 

പാമ്പുകളെ പിടികൂടുന്നതില്‍ വിദഗ്ധയായ പനമ്പിള്ളി നഗര്‍ സ്വദേശിനി വിദ്യാരാജുവിന്റെ സഹായത്തോടെയാണ് മലമ്പാമ്പിനെ പിടികൂടിയത്. കടിയേക്കാതെ പാമ്പിന്റെ തലയില്‍ പിടിച്ച് ചാക്കിലാക്കി വനംവകുപ്പിന് കൈമാറുകയായിരുന്നു. 

ഡോക്ക് നിര്‍മ്മാണത്തിനായി കപ്പല്‍ശാലയിലെ കാടു വെട്ടിത്തെളിച്ചതോടെ, അവിടെയുണ്ടായിരുന്ന പാമ്പുകള്‍ സമീപത്തെ പറമ്പുകളിലേക്ക് കയറുകയായിരുന്നു. കൂറ്റന്‍ മലമ്പാമ്പുകളും വിഷപ്പാമ്പുകളും സമീപ പറമ്പുകളിലേക്ക് കയറിയതോടെ ഭീതിയിലാണ് നാട്ടുകാര്‍. 

കഴിഞ്ഞ ദിവം രാത്രി പാമ്പിനെ കണ്ടപ്പോള്‍ വനംവകുപ്പിനെ മേയര്‍ വിവരം അറിയിച്ചു. എന്നാല്‍ രാത്രിയില്‍ എത്താന്‍ നിര്‍വാഹമില്ലെന്ന് വനംവകുപ്പ് അറിയിച്ചു. തുടര്‍ന്ന് മേയറുടെ നേതൃത്വത്തില്‍ പാമ്പുപിടിക്കാന്‍ ഇറങ്ങുകയായിരുന്നു. പത്തടി നീളമുള്ള മലമ്പാമ്പിനെയാണ് മേയറും സംഘവും പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com