ശബരിമലയില്‍ നിയമനിര്‍മ്മാണത്തിന് മോദി തയ്യാറുണ്ടോയെന്ന് രമേശ് ചെന്നിത്തല 

ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറുണ്ടോ എന്ന ചോദ്യം ഉന്നയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
ശബരിമലയില്‍ നിയമനിര്‍മ്മാണത്തിന് മോദി തയ്യാറുണ്ടോയെന്ന് രമേശ് ചെന്നിത്തല 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറുണ്ടോ എന്ന ചോദ്യം ഉന്നയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മോദി കേരളത്തില്‍ എത്തിയപ്പോള്‍ നാടുമുഴുവന്‍ കാത്തിരുന്നത് ആ പ്രഖ്യാപനത്തിനാണ്. എന്നാല്‍ വില കുറഞ്ഞ പ്രചാരണം പ്രധാനമന്ത്രി നടത്തുന്നതാണ് പിന്നീട് കണ്ടതെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിന് പത്തനംതിട്ടയിലും കേന്ദ്രത്തിലും രണ്ടു നിലപാട് എന്നായിരുന്നു മോദിയുടെ വിമര്‍ശനം. ഇത്തരത്തിലുളള വില കുറഞ്ഞ പ്രചാരണമാണ് കേരളത്തില്‍ എത്തിയ മോദി നടത്തിയത്. ശബരിമല വിഷയം സുവര്‍ണാവസരമായി കണ്ട് രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ശ്രമിച്ചത്. ഇതിന് വഴിയൊരുക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ശബരിമല വിഷയം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസിന് താത്പര്യമില്ല. അതുകൊണ്ടാണ് അതിരുകവിഞ്ഞ സമരങ്ങള്‍ക്ക് പോകാതിരുന്നത്. എന്നാല്‍ ആദ്യം ശബരിമല യുവതീപ്രവേശനത്തെ സ്വാഗതം ചെയ്ത ആര്‍എസ്എസും ബിജെപിയും ശബരിമല വിഷയത്തില്‍ നിലപാടു മാറ്റുന്നതാണ് പിന്നീട് കണ്ടത്. ശബരിമല വിഷയം സുവര്‍ണാവസരമായി കണ്ട് പ്രവര്‍ത്തിക്കാനാണ് അവര്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ സത്യസന്ധമായ നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ് അടങ്ങുന്ന യുഡിഎഫ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ എത്തിയ മോദി വികസനനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിച്ചത്. എന്നാല്‍ കേരളത്തിന്റെ സമഗ്രവികസനത്തിന് വേണ്ടി ഒന്നും അദ്ദേഹം ചെയ്തില്ല. റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി റബര്‍ കര്‍ഷകരെ രക്ഷിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം. നാലരവര്‍ഷം കഴിഞ്ഞിട്ടും ഇതില്‍ യാതൊരു പുരോഗതിയും ഉണ്ടാക്കാന്‍ മോദിസര്‍ക്കാരിന് സാധിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com