വിജയം കാണാതെ പിന്‍മാറ്റം: ശബരിമല നിരാഹാര സമരം ബിജെപി ഇന്ന് അവസാനിപ്പിക്കും; അടുത്ത ഘട്ടം സര്‍ക്കാര്‍ നിലപാട് അറിഞ്ഞതിന് ശേഷം

ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന നിരാഹാരസമരം ഇന്ന് അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള.
വിജയം കാണാതെ പിന്‍മാറ്റം: ശബരിമല നിരാഹാര സമരം ബിജെപി ഇന്ന് അവസാനിപ്പിക്കും; അടുത്ത ഘട്ടം സര്‍ക്കാര്‍ നിലപാട് അറിഞ്ഞതിന് ശേഷം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന നിരാഹാരസമരം ഇന്ന് അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. സമരം തുടങ്ങി നാല്‍പ്പത്തി ഒന്‍പതാം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്. തുടര്‍സമര പ്രഖ്യാപനം അടുത്തമാസം ഒന്നാം തിയ്യതി ഉണ്ടാകമെന്ന് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

വിശ്വാസ സംരക്ഷണിത്തിനായുള്ള പോരാട്ടം പൂര്‍ണവിജയമായില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍ ജനപങ്കാളിത്തത്തില്‍ ചരിത്രം കണ്ട ഏറ്റവും വലിയ മുന്നേറ്റമായിരുന്നു സമരത്തിന്റെ ഓരോ ഘട്ടവും. സമരങ്ങളുടെ ഭാഗമായി ഒരു കോടി ഒപ്പുകള്‍ ശേഖരിച്ച് ഗവര്‍ണര്‍ക്ക് നല്‍കാന്‍ സാധിച്ചു. ശബരിമല വിഷയം ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ സമരത്തിന് കഴിഞ്ഞു. സര്‍ക്കാരിന്റെ നിലപാട് എന്താണെന്നറിഞ്ഞിട്ട് സമരത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കും. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതിയുണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ഈ ബഹുജന സമരത്തിന്റെ ലക്ഷ്യം ജനങ്ങളെ ബോധവത്കരിക്കുക എന്നതായിരുന്നു. അതില്‍ വിജയം കണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

വെളളിയാഴ്ച സമരം ഏറ്റെടുത്ത ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസിന്റെ നിരാഹാരം രാവിലെ 10.30 നു സമരപന്തലിലെ സമാപന സമ്മേളനത്തില്‍ ഗാന്ധിയന്‍മാരായ പി.ഗോപിനാഥന്‍നായര്‍, കെ.അയ്യപ്പന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് നാരങ്ങാനീര് നല്‍കി അവസാനിപ്പിക്കും. ഭാവി സമരപരിപാടികള്‍ പി.എസ്.ശ്രീധരന്‍പിള്ള പ്രഖ്യാപിക്കും. 

ബിജെപി നേതാവ് കെ.സുരേന്ദ്രന് എതിരായ കേസുകള്‍ പിന്‍വലിക്കുക, നിരോധനാജ്ഞ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ മൂന്നിനാണ് ബിജെപി സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍, സി കെ പത്മനാഭന്‍, ശോഭ സുരേന്ദ്രന്‍, എന്‍ ശിവരാജന്‍, പി.എം വേലായുധന്‍, വി ടി രമ എന്നിവര്‍ക്ക് നിരാഹാര സമരം നടത്തി. 

റിലേ നിരാഹാര സമരം ശബരിമലയില്‍ നിന്ന് സെക്രട്ടേറിയേറ്റിലേക്ക് മാറ്റിയത് വിവാദമായിരുന്നു. സമരത്തെ പൂര്‍ണമായും സര്‍ക്കാര്‍ അവഗണിച്ചു. സമരക്കാരുമായി ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ തയ്യാറായില്ല. സമരം തുടരുന്നതിനിടെ രണ്ടു യുവതികള്‍ മലചവിട്ടിയത് ബിജെപിക്ക് തിരിച്ചടിയായി. തുടക്കത്തിലെ ആവേശം പിന്നീട് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചില്ലെന്ന് പാര്‍ട്ടിക്കാര്‍ക്കിടയില്‍ നിന്നുതന്നെ വിമര്‍ശനമേല്‍ക്കേണ്ടി വന്നു. ശബരിമല യുവതീ പ്രവേശനത്തിന് എതിരല്ല തങ്ങളുടെ സമരമെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് എതിരാണെന്നും പിന്നീട് തിരുത്തിയുമുള്ള ശ്രീധരന്‍പിള്ളയുടെ നിലപാട് മാറ്റങ്ങളും വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com