കേരളത്തില്‍ നിന്ന് കടത്തിയ പ്രളയ അരി കണ്ടെത്തി; 100 കിലോയിലധികം അരി തമിഴ്‌നാട്ടിലെ മില്ലില്‍

കാലിത്തീറ്റയ്ക്ക് പോലും ഉപയോഗിക്കരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ച അരിയില്‍ സപ്ലൈകോയുടെയും പെരുമ്പാവൂരിലെ രണ്ട് മില്ലുകളുടെയും പേരോടെയുള്ള ലേബലുണ്ട്.
കേരളത്തില്‍ നിന്ന് കടത്തിയ പ്രളയ അരി കണ്ടെത്തി; 100 കിലോയിലധികം അരി തമിഴ്‌നാട്ടിലെ മില്ലില്‍

തിരുച്ചിറപ്പള്ളി:  കേരളത്തില്‍ പ്രളയത്തില്‍ നശിച്ചതിനെത്തുടര്‍ന്നു നശിപ്പിച്ച് കളയാന്‍ തീരുമാനിച്ച 100 ലോഡിലേറെ അരി തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളിയിലെ മില്ലില്‍ നിന്നും കണ്ടെത്തി. പെരുമ്പാവൂരിലെ മില്ലില്‍ നിന്നു സൈറസ് ട്രേഡേഴ്‌സ് നീക്കിയ അരി തിരുച്ചിറപ്പള്ളി തുറയൂര്‍ ശ്രീ പളനി മുരുകന്‍ ട്രേഡേഴ്‌സിന്റെ ഗോഡൗണില്‍ എത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചീഞ്ഞ അരി പുതിയ പേരില്‍ കേരളത്തില്‍ തിരിച്ചെത്തിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് ഇത്തരത്തില്‍ മോശമായ അരി കേരളത്തിലെ വിപണിയിലേക്ക് എത്തിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. 

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് പാലക്കാട്ടെ സ്‌പെഷല്‍ ബ്രാഞ്ച് സംഘം തിങ്കളാഴ്ച രാത്രി പരിശോധന നടത്തിയത്. കട്ടപിടിച്ചതും ദുര്‍ഗന്ധം വമിക്കുന്നതുമായ അരിയാണു കണ്ടെത്തിയത്. അതില്‍ പകുതി പോളിഷ് ചെയ്തതും പായ്ക്ക് ചെയ്തതുമായ നിലയിലായിരുന്നു. 

കാലിത്തീറ്റയ്ക്ക് പോലും ഉപയോഗിക്കരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ച അരിയില്‍ സപ്ലൈകോയുടെയും പെരുമ്പാവൂരിലെ രണ്ട് മില്ലുകളുടെയും പേരോടെയുള്ള ലേബലുണ്ട്. തുറയൂരില്‍ മറ്റു ചില മില്ലുകളിലും ലോഡ് കണക്കിന് അരിയുള്ളതായി വിവരമുണ്ട്. 

തമിഴ്‌നാട് സര്‍ക്കാര്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനു നിയോഗിച്ചു. രാവിലെ തന്നെ മില്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുകയും ചെയ്തു. മില്‍ ഉടമസ്ഥര്‍ സ്ഥലം വിട്ടു. അതേസമയം അരി പരിശോധിക്കാനോ തെളിവു ശേഖരിക്കാനോ സപ്ലൈകോ ഉദ്യോഗസ്ഥരെത്തിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com