ആന്‍ലിയയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ല; ജസ്റ്റിന്‍ മര്‍ദ്ദിക്കുമായിരുന്നെന്ന് വൈദികന്‍

പെണ്‍കുട്ടി മരിക്കുന്നതിനു മുമ്പ് പലതവണ പരാതികള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതാണ് നാട്ടില്‍ വരാനും വേണ്ടതു ചെയ്യാനും
ആന്‍ലിയയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ല; ജസ്റ്റിന്‍ മര്‍ദ്ദിക്കുമായിരുന്നെന്ന് വൈദികന്‍

കൊച്ചി:മട്ടാഞ്ചേരി സ്വദേശിനി ആന്‍ലിയ എന്ന പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടിയുമായി വൈദികന്‍ രംഗത്ത്. ഒരാവാശ്യവുമില്ലാതെയാണ് തന്നെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ തനിക്കെതിരെയുള്ള ആക്രമണം തുടരുകയാണ്. ഇത് തന്റെ ജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണമെന്നാണ് വൈദികന്‍ പറയുന്നത്.

''പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതു പോലെ അടുത്ത ബന്ധമാണ് തനിക്ക് നേരത്തേ മുതല്‍ ആ കുടുംബത്തോട് ഉണ്ടായിരുന്നത്. പ്രതിസ്ഥാനത്തുള്ള ജസ്റ്റിന്റെ കുടുംബവുമായി പ്രത്യേക അടുപ്പമോ നേരത്തെ മുതലുള്ള ബന്ധമോ ഇല്ല. അദ്ദേഹം പറയുന്നതു പോലെ അവരുമായി ബന്ധപ്പെടാറുമില്ല. ഇത് എന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.  ജസ്റ്റിനെതിരെ കേസ് കൊടുക്കാന്‍ മുതിര്‍ന്നപ്പോള്‍ നിരുല്‍സാഹപ്പെടുത്തി എന്ന ആരോപണം ശരിയല്ല,  തനിക്കറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായാണ് പൊലീസിനിനോട് പറഞ്ഞതെന്നും വൈദികന്‍ പറയുന്നു.

ആന്‍ലിയയ്ക്ക് മാനസിക പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് പൊലീസിനോടു പറഞ്ഞത്. ജസ്റ്റിന്റെ മാതാപിതാക്കള്‍ ചോദിച്ചപ്പോഴും അത് തന്നെയാണ് പറഞ്ഞത്.  അല്ലാതെ ഒരു മൊഴി കൊടുത്തിട്ടില്ല. ആന്‍ലിയയുടെ പിതാവിനെതിരെ കമ്മിഷണറെ സമീപിച്ചു എന്നത് ശരിയാണ്. അതിനു കാരണം ഒരു മാധ്യമത്തില്‍ തന്റെ പേരു വച്ച് വാര്‍ത്ത നല്‍കിയിരുന്നു. 'ജസ്റ്റിസ് ഫോര്‍ ആന്‍ലിയ' എന്ന ഫെയ്‌സ്ബുക് പേജില്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെല്ലാമെതിരെയാണ് പരാതി നല്‍കിയത്. ഇക്കാര്യം എറണാകുളം എസിപിയോടു പറഞ്ഞിരുന്നു. മട്ടഞ്ചേരി എസിപിക്കു മുന്നിലാണ് പരാതി നല്‍കിയത്. കമ്മിഷണറെ കാണാന്‍ പറഞ്ഞെങ്കിലും ഇതിന്റെ പിന്നാലെ നടക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു.

പെണ്‍കുട്ടി മരിക്കുന്നതിനു മുമ്പ് പലതവണ പരാതികള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതാണ് നാട്ടില്‍ വരാനും വേണ്ടതു ചെയ്യാനും. പെണ്‍കുട്ടി വിവാഹമോചനം വേണമെന്ന് പറയുന്ന കാര്യവും പറഞ്ഞതാണ്. അന്ന് അദ്ദേഹം അതിന് മുതിര്‍ന്നില്ല. അതോടെ ആ കേസ് ഞാന്‍ ഉപേക്ഷിച്ചതാണ്. അധികമായി ലാളിച്ചു വളര്‍ത്തിയതിന്റെ കുഴപ്പങ്ങള്‍ പെണ്‍കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ജസ്റ്റിന്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുമായിരുന്നു എന്നു പറയുന്നത്  ശരിയാണ്' - വൈദികന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com