സെന്‍കുമാര്‍ ആരുടെ എജന്റ്?; പറയുന്നത് അബദ്ധം;  സംഭാവന പറയേണ്ടവര്‍ പറയും; മറുപടിയുമായി നമ്പി നാരായണന്‍

താന്‍ നല്‍കിയ നഷ്ടപരിഹാരക്കേസില്‍ പ്രതിയാണ് സെന്‍കുമാര്‍ - കോടതി വിധി സെന്‍കുമാര്‍ തെറ്റിദ്ധരിച്ചു - പരാതികളുണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ പറയാം 
സെന്‍കുമാര്‍ ആരുടെ എജന്റ്?; പറയുന്നത് അബദ്ധം;  സംഭാവന പറയേണ്ടവര്‍ പറയും; മറുപടിയുമായി നമ്പി നാരായണന്‍

തിരുവനന്തപുരം: പത്മഭൂഷണ്‍ പുരസ്‌കാരം ലഭിക്കാന്‍ താന്‍ എന്ത് സംഭാവന ചെയ്‌തെന്ന മുന്‍ ഡിജിപി സെന്‍കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ അബദ്ധം പറയുകയാണ്. അയാള്‍ ആരുടെ ഏജന്റാണെന്നറിയില്ല. ചാരക്കേസ് കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്താനാണ് സുപ്രീം കോടതി സമിതിയെ വെച്ചതെന്നും നമ്പി നാരായണന്‍ പറഞ്ഞു.

താന്‍ നല്‍കിയ നഷ്ടപരിഹാരക്കേസില്‍ പ്രതിയാണ് സെന്‍കുമാര്‍. താന്‍ ഗോവിന്ദച്ചാമിയാണ്, അമീറുള്‍ ഇസ്ലാമാണെന്ന് സെന്‍കുമാര്‍ പറയുമ്പോള്‍ അദ്ദേഹത്തിന് വലിയ വെപ്രാളമുള്ളത് പോലെ തോന്നി. ആ പരാമര്‍ശത്തിന് അദ്ദേഹം മറുപടി അര്‍ഹിക്കുന്നില്ല. അത് അദ്ദേഹത്തിന്റെ സംസ്്കാരം, ഭാഷയാണ് വ്യക്തമാക്കുന്നത്. താന്‍ എന്തുചെയ്തുവെന്ന് പറയാന്‍ അയാള്‍ക്ക് എന്ത് അവകാശമാണ്. എന്റെ സംഭാവന അറിയണമെങ്കില്‍ അത് അന്വേഷിച്ചാല്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

പത്മഭൂഷണ്‍ പുരസ്‌കാരം ലഭിക്കാന്‍ എന്ത് സംഭാവനയാണ് നമ്പി നാരായണന്‍ നല്‍കിയതെന്നായിരുന്നു ടിപി സെന്‍കുമാറിന്റെ ആരോപണം. പുരസ്‌കാരം നല്‍കിയവര്‍ തന്നെ ഇതിന് മറുപടി പറയണമെന്ന് സെന്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ രാജ്യത്തിന് നല്‍കിയിട്ടില്ല. പത്മാ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ഗോവിന്ദച്ചാമിക്കും അമീറുള്‍ ഇസ്ലാമിനും ഈ വര്‍ഷം വിട്ടുപോയ മറിയം റഷീദക്കും അടുത്ത വര്‍ഷം പത്മവിഭൂഷണ്‍ ലഭിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. നമ്പി നാരായണന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അമൃതില്‍ വിഷം ചേര്‍ന്ന അനുഭവം പോലെയായെന്നും സെന്‍കുമാര്‍ പറഞ്ഞു.നമ്പി നാരായണനെ സുപ്രീം കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. കുറ്റവിമുക്തനാക്കിയ ശേഷം ഭാരതരത്‌നം നല്‍കിയാലും പരാതിയില്ല. നിരവധി പ്രമുഖരായവരെ മാറ്റി നിര്‍ത്തിയാണ് നമ്പിനാരായണന് പുരസ്‌കാരം നല്‍കിയിത്. പ്രതിച്ഛായയും സത്യവും തമ്മില്‍ വലിയ അന്തരമുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.

ചാരക്കേസ് കോടതി നിയോഗിച്ച സമിതി അന്വേഷിക്കുകയാണ്. ഈ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് ആദരിക്കുന്നത് എങ്ങനെയാണെന്ന് സെന്‍കുമാര്‍ ചോദിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസ് എന്തുകൊണ്ട് ശരിയായി അന്വേഷിച്ചില്ലെന്ന് എല്ലാവര്‍ക്കും കൃത്യമായി അറിയാം. 24 വര്‍ഷം മുന്‍പുള്ള സിബിഐയോട് ചോദിച്ചാല്‍ എല്ലാം അറിയാമെന്നും സെന്‍കുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com