ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; സംഘത്തെ ഉടൻ തീരുമാനിക്കും

ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛന്റെ പരാതിയെ തുടർന്നാണ് അന്വേഷണം ക്രൈബ്രാഞ്ചിന് വിടാൻ തീരുമാനിച്ചത്
ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; സംഘത്തെ ഉടൻ തീരുമാനിക്കും

തിരുവനന്തപുരം: പ്രസിദ്ധ വയലിനിസ്റ്റും സം​ഗീതജ്ഞനുമായ ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛന്റെ പരാതിയെ തുടർന്നാണ് അന്വേഷണം ക്രൈബ്രാഞ്ചിന് വിടാൻ തീരുമാനിച്ചത്. 

‍ഡിജിപിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ഉത്തരവിട്ടത്. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. മകന്റെ മരണം ഐപിഎസ് റാങ്കിലുള്ള ഉദ്യോ​ഗസ്ഥൻ അന്വേഷിക്കണമെന്നാണ് ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി പരാതിയിൽ പറഞ്ഞിരുന്നു. ബാലഭാസ്കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും ജീവനെടുത്ത അപകടത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്നാണു പരാതിയിലെ ആവശ്യം. അപകടത്തെപ്പറ്റി കുടുംബത്തിനുള്ള സംശയങ്ങളാണു പരാതിയിലുള്ളത്. 

ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു പിതാവ് സികെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്. പരാതി ഡിജിപി അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. 

ക്ഷേത്ര ദർശനം കഴിഞ്ഞു താമസിക്കാൻ മുറി ബുക്ക് ചെയ്തിരുന്നു. ഇത് ഉപേക്ഷിച്ചു തിടുക്കത്തിൽ രാത്രി യാത്രയ്ക്കു തയാറെടുത്തതിന്റെ കാരണം അന്വേഷിക്കണം. വാഹനം ഓടിച്ചിരുന്നതു ഡ്രൈവർ അർജുനാണെന്നു വ്യക്തമായിരുന്നിട്ടും എന്തിനു പൊലീസിനോടു കള്ളം പറഞ്ഞു എന്നതാണു മറ്റൊരു സംശയം. ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവർ അർജുന്റെയും മൊഴികൾ പരസ്പരവിരുദ്ധമാണ്. പാലക്കാടുള്ള ആയുർവേദ ആശുപത്രി അധികൃതരാണു അർജുനെ ഡ്രൈവറായി ബാലഭാസ്കറിന്റെ ഒപ്പം അയച്ചത്. ഇതിനെപ്പറ്റിയും സംശയങ്ങളുണ്ട്. ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ബാലഭാസ്കർ വീണ്ടും കുടുംബത്തോട് അടുത്തതിനു പിന്നാലെയാണ് അപകടമെന്നതും അന്വേഷണം ആവശ്യപ്പെടാൻ പ്രേരിപ്പിച്ചു. ‌

മകളുടെ പേരിലുള്ള വഴിപാടുകൾക്കായി സെപ്റ്റംബർ 23നു തൃശൂർക്കു പോയ കുടുംബം 24നു രാത്രിയോടെ വീട്ടിലേക്കു മടങ്ങുന്ന വഴിയായിരുന്നു അപകടം. അപകടത്തിൽ ഗുരുതര പരുക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലഭാസ്കർ 2018 ഒക്ടോബർ രണ്ടിനാണ് അന്തരിച്ചത്. മകൾ അപകട ദിവസം മരിച്ചിരുന്നു.

ഡ്രൈവർ അർജുൻ  ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളിലെ രണ്ട് കേസുകളിൽ പ്രതിയാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എടിഎം മോഷണം നടത്തിയ രണ്ട് സംഘങ്ങൾക്ക് ഒപ്പം ഡ്രൈവറായി പോയെന്നതാണ് കേസ്. അതേസമയം ബാലഭാസ്കർ അടുത്ത സൗഹൃദം പുലർത്തിയിരുന്ന പാലക്കാട്ടെ ഡ‍ോക്ടറുമായുള്ള സാമ്പത്തിക ഇടപാടിലായിരുന്നു കുടുംബം പ്രധാന്യമായും സംശയം പ്രകടിപ്പിച്ചത്. എന്നാൽ ഇതിൽ ദുരൂഹതയില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായാണ് പൊലീസ് നൽകുന്ന സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com