ബിനോയ് കോടിയേരിക്ക് മുൻകൂർ ജാമ്യം; കർശന ഉപാധികൾ; പൊലീസ് ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് ഹാജരാകണം

വിവാഹ‌ വാഗ്ദാനം നല്‍കി ബീഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിനോയ് കോടിയേരിക്ക് മുൻകൂർ ജാമ്യം
ബിനോയ് കോടിയേരിക്ക് മുൻകൂർ ജാമ്യം; കർശന ഉപാധികൾ; പൊലീസ് ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് ഹാജരാകണം

മുംബൈ: വിവാഹ‌ വാഗ്ദാനം നല്‍കി ബീഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിനോയ് കോടിയേരിക്ക് മുൻകൂർ ജാമ്യം. മുംബൈ ദിൻഡോഷി കോടതിയാണ് ബിനോയിക്ക് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. കൃത്യമായ തെളിവുകൾ ​ഹാജരാക്കാം എന്ന ബിനോയ് കോടിയേരിയുടെ അഭിഭാഷകന്റെ വാദം കോടതി അം​ഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിന്റെ വാദം ഇന്നലെ പൂർത്തിയായിരുന്നു. ഇന്ന് വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു. 

കർശനമായ ജാമ്യ വ്യവസ്ഥകളാണ് ഉത്തരവിലുള്ളത്. 25000 രൂപ ജാമ്യത്തുക കെട്ടി വയ്ക്കണം. എല്ലാ തിങ്കളാഴ്ചയും ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. പൊലീസ് ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 

നേരത്തെ വാദത്തിനിടെ ഡിഎൻഎ പരിശോധനയെ ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ എതിർത്തിരുന്നു. മുൻകൂർ ജാമ്യം പരി​ഗണിക്കുമ്പോൾ ഡിഎൻഎ പരിശോധന ആവശ്യമില്ലെന്നായിരുന്നു അഭിഭാഷകൻ വാദിച്ചത്. 

പ്രോസിക്യൂഷൻ ഹാജരാക്കിയ വിവാഹ രേഖകൾ വ്യാജമാണ്. പരാതിക്കാരി സമർപ്പിച്ച രേഖയിലെ ഒപ്പ് ബിനോയിയുടേതല്ല. ബലാത്സം​ഗ കുറ്റം ആരോപിക്കാനുള്ള തെളിവില്ല. ആദ്യം നൽകിയ പരാതിയിൽ ബലാത്സം​ഗ ആരോപണമില്ല. യുവതിയും മറ്റൊരാളും കൂടിയുള്ള സ്വകാര്യ ചിത്രങ്ങളും പ്രതിഭാ​ഗം ഹാജരാക്കി. ഹിന്ദു വിവാഹ നിയമപ്രകാരം രണ്ടാം വിവാ​ഹത്തിന് നിയമസാധുതയില്ലെന്നും അഭിഭാഷകൻ വാദിച്ചു. ബിനോയിയുടെ പിതാവ് മുൻ മന്ത്രിയാണെന്ന കാര്യം പരി​ഗണിക്കേണ്ടതില്ല. കോടിയേരി ബാലകൃഷ്ണന് കേസുമായി ബന്ധമില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.  

ആദ്യ വിവാ​ഹത്തെക്കുറിച്ച് മറച്ചുവച്ചാണ് ബിനോയ് വിവാഹാഭ്യർത്ഥന നടത്തിയതെന്ന് യുവതിയുടെ അഭിഭാഷകൻ വാദിച്ചു. ബിനോയ് നൽകിയ വിസയും ടിക്കറ്റും ഉപയോ​ഗിച്ചാണ് യുവതി ദുബായിലേക്ക് പോയത്. ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണിപ്പെടുത്തി. രാഷ്ട്രീയ സ്വാധീനമുപയോ​ഗിച്ച് ബിനോയ് തെളിവുകൾ നശിപ്പിക്കുമെന്നും യുവതിക്കായി ഹാജരായ അഭിഭാഷകൻ വാ​ദിച്ചു. ഇന്നലെ കേസ് പരിഗണിച്ച കോടതി ഇരു ഭാഗത്തിന്റെയും വാദം വിശദമായി കേട്ട ശേഷം വിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com