സീറോ മലബാര്‍ സഭ സിനഡിന്റെ അടിയന്തര യോഗം നാളെ 

പരസ്യപ്രതിഷേധം നടത്തിയ വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാളിന് നിരവധി പരാതികളും നിവേദനങ്ങളും ലഭിച്ചിരുന്നു
സീറോ മലബാര്‍ സഭ സിനഡിന്റെ അടിയന്തര യോഗം നാളെ 

കൊച്ചി : സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന്റെ അടിയന്തര യോഗം നാളെ ചേരും. സഹായമെത്രാന്മാരെ പുറത്താക്കിയശേഷമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് സഭാ ആസ്ഥാനത്ത് യോഗം ചേരുന്നത്. 

സാധാരണ ഗതിയില്‍ അടുത്ത മാസമാണ് സമ്പൂര്‍ണ സിനഡ് ചേരേണ്ടത്. അതിനിടെ അടിയന്തരമായി സിനഡ് വിളിച്ചുചേര്‍ത്തത് സഭയിലെ പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ്. സഹായമെത്രാന്മാരെ പുറത്താക്കിയതിനെതിരെയും, കര്‍ദിനാള്‍ ആലഞ്ചേരി എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭരണചുമതല ഏറ്റെടുത്തതിനെതിരെയും ഏതാനും വൈദികര്‍ രംഗത്തുവന്നിരുന്നു. 

അര്‍ധരാത്രിയില്‍ കര്‍ദിനാള്‍ ഭരണചുമതല ഏറ്റെടുത്തത് ശരിയായ രീതിയല്ല, അതിരൂപതയില്‍ കാര്യങ്ങള്‍ നേരാംവണ്ണമല്ല നടക്കുന്നത് തുടങ്ങിയ ആക്ഷേപങ്ങള്‍ വിമത വൈദികര്‍ പരസ്യമായി ഉന്നയിച്ചിരുന്നു. പരസ്യപ്രതിഷേധം നടത്തിയ വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാളിന് നിരവധി പരാതികളും നിവേദനങ്ങളും ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിമത വൈദികര്‍ക്കെതിരായ നടപടിയും  യോഗത്തില്‍ ചര്‍ച്ചയാകും. 

മുതിര്‍ന്ന അഞ്ച് മെത്രാന്മാരാണ് സ്ഥിരം സിനഡിലുള്ളത്. അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്ന ഫാദര്‍ ജേക്കബ് മനത്തോടത്ത് ഇപ്പോള്‍ റോമിലാണ്. അതിനാല്‍ അദ്ദേഹം നാളത്തെ സിനഡ് യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com