മുഖ്യമന്ത്രിയുടെ ഉറപ്പും പാഴായി ; ഷംസീറിന്‍റെ മൊഴിയെടുക്കും മുമ്പേ സിഒടി നസീർ വധശ്രമക്കേസ് അന്വേഷണ സംഘത്തലവന് മാറ്റം

അന്വേഷണ ഉദ്യോഗസ്ഥനായ സിഐ വി കെ വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്
മുഖ്യമന്ത്രിയുടെ ഉറപ്പും പാഴായി ; ഷംസീറിന്‍റെ മൊഴിയെടുക്കും മുമ്പേ സിഒടി നസീർ വധശ്രമക്കേസ് അന്വേഷണ സംഘത്തലവന് മാറ്റം

കണ്ണൂർ: സിഒടി നസീര്‍ വധശ്രമക്കേസിൽ എ എൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐയെ സ്ഥലംമാറ്റി. സിഐ വി കെ വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. പകരം തലശ്ശേരി സി ഐയായി കെ സനൽകുമാർ ചുമതലയേറ്റു.കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്റ്റേഷനിൽനിന്നാണ് സനൽകുമാർ തലശ്ശേരി സ്റ്റേഷനിലെത്തിയത്.

അന്വേഷണസംഘത്തിലുള്ള തലശ്ശേരി എസ് ഐ പി എസ് ഹരീഷിനെയും മാറ്റിയിരുന്നു. എന്നാൽ, വിവാദമായപ്പോൾ  തലശ്ശേരിയിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. നസീർ വധശ്രമ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നതാണ്.  കേസിൽ അന്വേഷണം പൂർത്തിയാവും വരെ നിലവിലെ അന്വേഷണ സംഘം തുടരുമെന്ന് ഡിജിപിയും ഉറപ്പ് നൽകിയിരുന്നു. ഇതു മറികടന്നാണ് അന്വേഷണ സംഘ തലവനെ മാറ്റിയത്. 

എന്നാൽ നസീറിനെ ആക്രമിച്ച കേസ് അന്വേഷണം വിശ്വംഭരൻ തുടരുമോ സനൽകുമാറിന് നൽകുമോ എന്നതിൽ തീരുമാനമായിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമുള്ള പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി വിശ്വംഭരനെ മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ, നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന സി ഐയെ മാറ്റരുതെന്ന ആവശ്യമുയർന്നതിനാൽ അന്ന് മാറ്റിയിരുന്നില്ല. 


കേസിന്‍റെ നി‍‍ർണായക ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത്. വധശ്രമക്കേസുമായി ബന്ധപ്പെട്ട് തലശ്ശേരി എംഎൽഎ എഎൻ ഷംസീറിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടി തുടരുന്നതിനിടെയാണ് സ്ഥലംമാറ്റം. നസീറിനെ വധിക്കാൻ ​ഗൂഢാലോചന നടന്നത് ഷംസീറിന്റെ ഇന്നോവ കാറിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. നസീറും ഇക്കാര്യം ആരോപിച്ചിരുന്നു.

നസീറിനെ ആക്രമിക്കാൻ എംഎൽഎയുടെ സഹായിയടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയ കാർ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘം മാറുന്നതോടെ കേസിൽ അന്വേഷണം വഴിമുട്ടുമെന്നതാണ് ആശങ്ക. കേസിൽ കുറ്റപത്രവും തയ്യാറായിട്ടില്ല. സ്ഥലംമാറ്റ ഉത്തരവ് നേരത്തെ നിലനിൽക്കുന്നതിനാൽ സാധാരണ നടപടിക്രമം മാത്രമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com