ദിലീപിന്റെ അറസ്റ്റിന് രണ്ടു വര്‍ഷം, എങ്ങുമെത്താതെ നടിയെ ആക്രമിച്ച കേസ്; പത്തു പ്രതികളില്‍ അഞ്ചു പേരും ജാമ്യത്തില്‍

ദിലീപിന്റെ അറസ്റ്റിന് രണ്ടു വര്‍ഷം, എങ്ങുമെത്താതെ നടിയെ ആക്രമിച്ച കേസ്; പത്തു പ്രതികളില്‍ അഞ്ചു പേരും ജാമ്യത്തില്‍
ദിലീപ് (ഫയല്‍)
ദിലീപ് (ഫയല്‍)


കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഇരുപത്തിയൊന്നും മാസം കഴിഞ്ഞിട്ടും ഇതുവരെ വിചാരണ നടപടികള്‍ തുടങ്ങാനായിട്ടില്ല.

2017 ഫെബ്രുവരി 17ന് രാത്രിയിലാണ്, ഒരു സംഘം ആളുകള്‍ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പള്‍സര്‍ സുനി എന്ന എന്‍എസ് സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിപി വിജേഷ്, വടിവാള്‍ സലിം എന്ന സലിം, പ്രദീപ്, ചാര്‍ലി തോമസ്, ദിപീല് എന്ന പി ഗോപാലകൃഷ്ണന്‍, മേസ്തിരി സുനില്‍ എന്ന സുനില്‍ കുമാര്‍, വിഷ്ണു എന്നിവരാണ് കേസില്‍ അറസ്റ്റിലായവര്‍. ഇവരില്‍ ദിലീപ് ഉള്‍പ്പടെ അഞ്ചു പേര്‍ ജാമ്യം നേടി പുറത്തിറങ്ങി. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും നടപടികള്‍ ഇനിയും തുടങ്ങാനായിട്ടില്ലെന്നതാണ് വസ്തുത. പല കോടതികളിലായി നിരന്തരം ദിലീപ് ഹര്‍ജി നല്‍കിയതായാണ് വിചാരണ നടപടികള്‍ വൈകാന്‍ കാരണമെന്ന് നിയമരംഗത്തുള്ളവരും അന്വേഷണ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഒടുവിലായി, കേസിലെ പ്രധാന തെളിവായ വിഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിയില്‍ തീരുമാനമാവുന്നതുവരെ കുറ്റം ചുമത്തില്‍ നടപടിയിലേക്കു കടക്കില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെളിവിന്റെ കോപ്പി ലഭിക്കുകയെന്നത് പ്രതിയുടെ അവകാശമാണെന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചിട്ടുള്ളത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ദിലീപ് നല്‍കിയ അപ്പീല്‍ വരുന്ന 23ന് സുപ്രിം കോടതി പരിഗണിക്കും. 

ദിലീപിന് വിഡിയോ ദൃശ്യങ്ങള്‍ നല്‍കുന്നനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതു ചോരാനിടയുണ്ടെന്നും ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത ഹനിക്കപ്പെടുമെന്നുമാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. 

ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാംപ്രതി വിജീഷ്, ആറാംപ്രതി പ്രദീപ് എന്നിവരാണ് ഇപ്പോള്‍ ജയിലില്‍ ഉള്ളത്. വിചാരണ നീളുന്നത് ഇവര്‍ കൂടി ജാമ്യത്തില്‍ ഇറങ്ങാനുള്ള സാഹചര്യമാണ് സൃഷ്ടിക്കുകയെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com