'ഇതെല്ലാം വര്‍ഗീയതയെ എതിര്‍ക്കാനാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ആശ്വാസം'; യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം: എസ്എഫ്‌ഐക്ക് എതിരെ എഐഎസ്എഫ്

യൂണിവേഴ്‌സിറ്റി കോളജില്‍ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐക്ക് എതിരെ എഐഎസ്എഫ്
'ഇതെല്ലാം വര്‍ഗീയതയെ എതിര്‍ക്കാനാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ആശ്വാസം'; യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം: എസ്എഫ്‌ഐക്ക് എതിരെ എഐഎസ്എഫ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐക്ക് എതിരെ എഐഎസ്എഫ്. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം അപമാനകരമാണെന്നും ഇതര വിദ്യാര്‍ത്ഥി സംഘടനകളെ പടിക്കു പുറത്താക്കിയവര്‍ തല്ലാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ തമ്മിലടിക്കുന്നുവെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

'യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം അപമാനകരം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നടക്കുന്ന അക്രമങ്ങളും സദാചാര ഗുണ്ടായിസവും പരിഷ്‌കൃത സമൂഹത്തെ അവഹേളിക്കുന്നതിനു തുല്ല്യമാണ്. ഇതര വിദ്യാര്‍ത്ഥി സംഘടനകളെ പടിക്കു പുറത്താക്കിയവര്‍ തല്ലാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ തമ്മിലടിക്കുന്നു.ഇതെല്ലാം വര്‍ഗ്ഗീയതയെ എതിര്‍ക്കാനാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ആശ്വാസം...' ശുഭേഷ് ഫെയ്‌സബുക്കില്‍ കുറിച്ചു. 

വെളളിയാഴ്ച രാവിലെ നടന്ന സംഘര്‍ഷത്തിലാണ് കോളജിലെ മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിന് നെഞ്ചില്‍ കുത്തേറ്റത്. എസ്എഫ്‌ഐ യൂണിറ്റ് പ്രവര്‍ത്തകരും മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. എസ്എഫ്‌ഐയാണ് ആക്രമണത്തിന് പിന്നിലെന്ന് കാട്ടി കോളജിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ആറ് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിന് മുന്‍പില്‍ പാട്ടുപാടിയതിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ ക്യാമ്പസിലും പുറത്തും പ്രതിഷേധം കനക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തു. പ്രതിഷേധം തെരുവിലേക്കും നീട്ടു. തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com