വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു, യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം; എസ്എഫ്‌ഐക്കെതിരെ വിദ്യാര്‍ത്ഥികള്‍, യൂണിറ്റ് പിരിച്ചുവിടും 

വിദ്യാര്‍ത്ഥിക്ക് കുത്തേറ്റത്തിനെ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം
വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു, യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം; എസ്എഫ്‌ഐക്കെതിരെ വിദ്യാര്‍ത്ഥികള്‍, യൂണിറ്റ് പിരിച്ചുവിടും 

തിരുവനന്തപുരം: വിദ്യാര്‍ത്ഥിക്ക് കുത്തേറ്റത്തിനെ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം. എസ്എഫ്‌ഐ യൂണിറ്റ് പ്രവര്‍ത്തകരും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റത്. തുടര്‍ന്ന് എസ്എഫ്‌ഐക്കെതിരെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അക്രമസംഭവത്തില്‍ പങ്കാളിത്തമുളളതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു അറിയിച്ചു.

ഇന്ന് രാവിലെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധസമരത്തിലേക്ക് നയിച്ച അക്രമസംഭവം അരങ്ങേറിയത്. മൂന്നാം വര്‍ഷ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍്ത്ഥി അഖിലിനാണ് കുത്തേറ്റത്. നെഞ്ചില്‍ കുത്തേറ്റ അഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

എസ്എഫ്‌ഐ യൂണിറ്റ് പ്രവര്‍ത്തകരും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിന് മുന്‍പില്‍ പാട്ടുപാടിയതിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിനെ ഒരു വിഭാഗം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ ക്യാപസില്‍ പ്രതിഷേധവും ശക്തമായിരുന്നു.  ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അഖിലും ഒരു സംഘം വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിന് മുന്‍പില്‍ നിന്ന് പാട്ടുപാടിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇത് എസ്എഫ്‌ഐയിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പുറത്തുനിന്നുളള ഗുണ്ടകളും അക്രമത്തില്‍ പങ്കാളികളായതായാണ് വിവരം. എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് അഖിലിനെ ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇവരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടായിരുന്നതായും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു.

വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ ക്യാമ്പസിലും പുറത്തും പ്രതിഷേധം കനക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ എസ്എഫ്‌ഐക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തു. പ്രതിഷേധം തെരുവിലേക്കും നീട്ടു. തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചു. വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍
ആവശ്യപ്പെട്ടു.

എന്നാല്‍ സംഭവം അറിഞ്ഞില്ലായെന്നും പ്രവേശനനടപടികളുടെ തിരക്കിലായിരുന്നുവെന്നുമാണ് കോളേജ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞത്. കോളേജിലെ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ കാര്യം അറിഞ്ഞോ എന്ന ആവര്‍ത്തിച്ചുളള ചോദ്യത്തിന് യുജി,പിജി പ്രവേശനത്തിനുളള അവസാന ദിവസമാണ് ഇന്നെന്നും അതിന്റെ തിരക്കിലായിരുന്നു താനെന്നുമാണ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചത്.  

അക്രമസംഭവത്തില്‍ എസ്എഫ്‌ഐ യൂണിറ്റിന് പങ്കാളിത്തമുളളതായി തിരിച്ചറിഞ്ഞതായി എസ്എഫ്‌ഐ നേതൃത്വം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന്  അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു അറിയിച്ചു. ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com