ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചു ; പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയതില്‍ സര്‍വകലാശാല അന്വേഷണം, സസ്‌പെന്‍ഷന്‍

അക്രമത്തില്‍ ഉള്‍പ്പെട്ട ആറുപേരെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്‌പെന്റ് ചെയ്തു
ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചു ; പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയതില്‍ സര്‍വകലാശാല അന്വേഷണം, സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിലാണ് കുത്തിയതെന്നാണ് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തിയത്. അഖിലിനെ കുത്തിയത് ശിവരഞ്ജിത്താണെന്നും കന്റോണ്‍മെന്റ് പൊലീസ് പറഞ്ഞു. ഇതിന് മുഖ്യതെളിവായി ശിവരഞ്ജിത്തിന്റെ കയ്യില്‍ അഖിലിനെ ആക്രമിക്കുന്നതിനിടെ ഉണ്ടായ മുറിവ് കണ്ടെത്തി. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കയ്യില്‍ രക്തം കണ്ടിരുന്നതായി മറ്റു പ്രതികള്‍ വെളിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. 

ഒരാഴ്ചയോളമായി അഖിലിന്റെ സംഘവും തങ്ങളുമായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഫലമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. പ്രതികളുടെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. ഇവരുടെ മൊഴിയെടുക്കല്‍ തുടരുകയാണ്. കേശവദാസപുരത്ത് നിന്നാണ് നസീമിനെയും ശിവരഞ്ജിത്തിനെയും പൊലീസ് പിടികൂടുന്നത്. ഓട്ടോയില്‍ കല്ലറയിലേക്ക് പോകും വഴി പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

ഇതോടെ വധശ്രമക്കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികളില്‍ അഞ്ചുപേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലായി. അതേസമയം അഖിലിനെ കുത്താനുപയോഗിച്ച കത്തി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കത്തി കണ്ടെടുക്കേണ്ടത് കേസില്‍ നിര്‍ണായകമാണ്. ദൃക്‌സാക്ഷി മൊഴികള്‍ പ്രകാരം പ്രതികള്‍ കൊല്ലാനുറച്ച് തന്നെ എത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. അഖിലിന്റെ സുഹൃത്തിനെ കൊല്ലാനായിരുന്നു ആദ്യം ശ്രമിച്ചത്. പിന്നീട് അഖിലിനെ പിടിച്ചുനിര്‍ത്തി കുത്തുകയുമായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

അതിനിടെ അക്രമത്തില്‍ ഉള്‍പ്പെട്ട ആറുപേരെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്‌പെന്റ് ചെയ്തു. അധ്യാപക കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു. അന്വേഷണം നടത്തുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ വൈസ്ചാന്‍സലര്‍ ഉന്നതതല യോഗം വിളിച്ചു. വിഷയത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിന് വീഴ്ച സംഭവിച്ചുവെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com