ആശുപത്രി കച്ചവടം: ജിഎസ് ജയലാലിന് എതിരെ നടപടിയുമായി സിപിഐ; സ്ഥാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തും

പാര്‍ട്ടിയെ അറിയിക്കാതെ സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയെന്ന വിവാദത്തില്‍ ചാത്തന്നൂര്‍ എംഎല്‍എ ജിഎസ് ജയലാലിന് എതിരെ സിപിഐയില്‍ നടപടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: പാര്‍ട്ടിയെ അറിയിക്കാതെ സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയെന്ന വിവാദത്തില്‍ ചാത്തന്നൂര്‍ എംഎല്‍എ ജിഎസ് ജയലാലിന് എതിരെ സിപിഐയില്‍ നടപടി. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കും. സംസ്ഥാന നിര്‍വാഹക സമിതിയുടേതാണ് തീരുമാനം. 

സഹകരണ സംഘം രൂപീകരിച്ച് 5.25 കോടി രൂപയ്ക്കു സ്വകാര്യ ആശുപത്രി സ്വന്തമാക്കാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ശ്രമം നടന്നത് വിവാദമായിരുന്നു. ഒരു കോടിയിലേറെ രൂപ നല്‍കി കരാറെഴുതിയതോടെ ആശുപത്രിയുടെ ഭരണം സഹകരണ സംഘം ഏറ്റെടുക്കുകയും ചെയ്തു.

ജയലാല്‍ പ്രസിഡന്റായി സാന്ത്വനം ഹോസ്പിറ്റല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ രൂപീകരിച്ച സഹകരണ സംഘമാണു കൊല്ലം ബൈപാസ് റോഡരികില്‍ മേവറത്തുള്ള സ്വകാര്യ ആശുപത്രി വാങ്ങാന്‍ നീക്കം നടത്തിയത്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയായ ജയലാല്‍ പ്രസിഡന്റായി സംഘം രൂപീകരിക്കുന്നതിനും ആശുപത്രി വിലയ്ക്കു വാങ്ങുന്നതിനും പാര്‍ട്ടിയുടെ അനുവാദം വാങ്ങാതിരുന്നതാണ് അന്വേഷണത്തിനു വഴിതുറന്നത്.

സംഘത്തിന് ഓഹരി സമാഹരിക്കാന്‍ അനുവാദം തേടി സംസ്ഥാന നേതൃത്വത്തിനു ജയലാല്‍ കത്ത് നല്‍കിയപ്പോഴാണു പാര്‍ട്ടി വിവരം അറിയുന്നത്. കൊല്ലം നഗരത്തിനടുത്തു പൂട്ടിക്കിടക്കുന്ന അച്യുതമേനോന്‍ സ്മാരക സഹകരണ ആശുപത്രി പുനരുജ്ജീവിപ്പിച്ചു കൂടുതല്‍ ഓഹരി സമാഹരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിനിടെയാണ്, ജയലാലിന്റെ നേതൃത്വത്തില്‍ സഹകരണ ആശുപത്രിക്കായി ഓഹരി സമാഹരണം തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com