ഫയർഫോഴ്സും തോറ്റിടത്ത് വീട്ടമ്മയുടെ 'നിശ്ചയദാർഢ്യം' വിജയിച്ചു ; മണ്ണിനടിയിൽപ്പെട്ട നായകൾക്ക് ആറു മണിക്കൂറിന് ശേഷം പുനർജന്മം

ഫയർഫോഴ്സും ജെസിബിയും അടക്കം തോറ്റുപിന്മാറിയപ്പോഴാണ് വീട്ടമ്മ നേരിട്ട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്
ഫയർഫോഴ്സും തോറ്റിടത്ത് വീട്ടമ്മയുടെ 'നിശ്ചയദാർഢ്യം' വിജയിച്ചു ; മണ്ണിനടിയിൽപ്പെട്ട നായകൾക്ക് ആറു മണിക്കൂറിന് ശേഷം പുനർജന്മം

കാസർകോട്: വീട്ടമ്മയുടെ നിശ്ചയദാർഢ്യം നാലു മിണ്ടാപ്രാണികൾക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവായി. മണ്ണിടിഞ്ഞ് വീണ് തിനകത്തുപെട്ടുപോയ നാലുനായകളെയാണ് വീട്ടമ്മയുടെ നേതൃത്വത്തിൽ പുറത്തെടുത്തത്. ആറു മണിക്കൂറിന് ശേഷമാണ് ഇവയെ പുറത്തെടുക്കാനായത്. ഫയർഫോഴ്സും ജെസിബിയും അടക്കം തോറ്റുപിന്മാറിയപ്പോഴാണ് വീട്ടമ്മ നേരിട്ട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. 

പടന്നക്കാട് നമ്പ്യാർക്കൽ ചേടിക്കമ്പനിക്കു സമീപത്തെ സൂസിയുടെ നാലു നായകളാണ് കൂട് അടക്കം മണ്ണിനടിയിലായത്. തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ഇവരുടെ വീടിനു പിൻഭാഗത്തുള്ള പട്ടിക്കൂടിനു മുകളിൽ മണ്ണിടിഞ്ഞുവീണത്. തൊട്ടടുത്തുള്ള കോഴിക്കൂടും മണ്ണിനടിയിലായി. കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയെത്തി കുറെ മണ്ണുനീക്കി കോഴിക്കൂട് പുറത്തെടുത്തു. കോഴികളെ ജീവനോടെകിട്ടി. പക്ഷേ, ചെളിയിൽപ്പൂണ്ട പട്ടിക്കൂട് പുറത്തെടുക്കാനാകാതെ അവർ മടങ്ങി.

പിന്നാലെ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്നെങ്കിലും മുകളിൽനിന്ന് മണ്ണിടിഞ്ഞുകൊണ്ടിരുന്നതിനാൽ ഒന്നും ചെയ്യാനായില്ല. വൈകീട്ടോടെ നായകൾ നഷ്ടപ്പെടുമെന്ന സ്ഥിതിയായി. അപ്പോഴാണ് മകൻ നവീനും സുഹൃത്ത് അമിത്തിനും ഭർത്താവ് കണ്ണനുമൊപ്പം സൂസി അവസാനശ്രമമെന്ന നിലയിൽ മൺവെട്ടിയുമായി ഇറങ്ങിയത്. ചെളിമണ്ണ് കൊത്തിമാറ്റിയപ്പോൾ കൂട് തെളിഞ്ഞുവന്നു. പതുക്കെ മണ്ണിളക്കിമാറ്റിയപ്പോൾ ആദ്യത്തെ കൂട്ടിലുണ്ടായിരുന്ന മൂന്നു പട്ടികളും പുറത്തേക്കോടിവന്നു. വീണ്ടും മണ്ണ് നീക്കിയതോടെ രണ്ടാമത്തെ കൂട്ടിലുണ്ടായിരുന്ന പട്ടിയും പുറത്തേക്കു വന്നു. 

‘‘വിളിച്ചപ്പോൾ മണ്ണിനടിയിൽനിന്ന് മുരളൽ ഞാൻ കേട്ടിരുന്നു... പിന്നീടത് നേർത്ത് ഇല്ലാതായി. കഴിഞ്ഞ രാത്രി തീറ്റകൊടുക്കാൻ പോയപ്പോൾ അവയാകെ വെപ്രാളത്തിലായിരുന്നു. മൺതിട്ടയുടെ ഭാഗത്തേക്കു നോക്കി കുരയ്ക്കുകയും മുരളുകയും ചെയ്യുന്നുണ്ടായിരുന്നു. മണ്ണിടിയുമെന്ന് ഒരുപക്ഷേ നേരത്തേ മനസ്സിലായിക്കാണും.’’ -സൂസി പറയുന്നു. കനത്തമഴയിൽ രണ്ടരമീറ്ററോളം ഉയരത്തിൽ മണ്ണുവീണിരുന്നു. റോഡപകടങ്ങളിലും മറ്റുംപെട്ട് അവശരായ പട്ടികളെയാണ് സൂസിമോൾ പരിപാലിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com