ഒരു പ്രദേശത്തെ 56 പേര്‍ക്ക് മഞ്ഞപ്പിത്തം, 20 പേര്‍ സംശയത്തില്‍; പടര്‍ന്നത് വിവാഹ വീട്ടില്‍ നിന്ന് 

രു മാസം മുന്‍പ് പ്രദേശത്തു നടന്ന വിവാഹ വീട്ടില്‍ നിന്നാണ് മഞ്ഞപ്പിത്തം പടര്‍ന്നത് എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം
ഒരു പ്രദേശത്തെ 56 പേര്‍ക്ക് മഞ്ഞപ്പിത്തം, 20 പേര്‍ സംശയത്തില്‍; പടര്‍ന്നത് വിവാഹ വീട്ടില്‍ നിന്ന് 


കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ അണങ്കൂര്‍ മേഖലയില്‍ 56 പേര്‍ക്ക് മഞ്ഞപ്പിത്തം. ഒരു പ്രദേശത്തുള്ളവരാണ് ഒരുമിച്ച് രോഗബാധിതരായത്. കൂടാതെ 20 പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി സംശയിക്കുന്നതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഒരു മാസം മുന്‍പ് പ്രദേശത്തു നടന്ന വിവാഹ വീട്ടില്‍ നിന്നാണ് മഞ്ഞപ്പിത്തം പടര്‍ന്നത് എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ ദിവസങ്ങളിലാണ് മഞ്ഞപ്പിത്തം ബാധിച്ചവര്‍ ചികിത്സ തേടിയെത്തിയത്. ഒരുമിച്ച് ഇത്ര അധികം പേര്‍ ചികിത്സതേടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഏതാണ്ട് ഒരു മാസം മുന്‍പ് ഇവിടെ നടന്ന ഒരു വിവാഹത്തിന് പോയി ഇവര്‍ ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് മനസിലാക്കിയതെന്ന് കാസര്‍കോട് ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡിഎംഒ ഡോ മനോജ് പറഞ്ഞു. എന്നാല്‍ ഇവിടെ വിതരണം ചെയ്ത വെള്ളമാണോ മറ്റെന്തെങ്കിലും പാനിയമാണോ രോഗകാരിയായത് എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

മഞ്ഞപ്പിത്ത ബാധയുണ്ടെന്ന് സംശയിക്കുന്ന 20 പേര്‍ക്കും രോഗബാധ സ്ഥിരീകരിക്കാനാണ് സാധ്യതയെന്നാണ് വിവരം. വിവാഹം കഴിഞ്ഞ് ഏറെ നാളുകളായതിനാല്‍ രോഗത്തിന്റെ പ്രഭവകേന്ദ്രം കൃത്യമായി കണ്ടെത്താന്‍ സാധിക്കില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല. പ്രദേശത്ത് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും ഡോ മനോജ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com