ഭരണത്തിലിരുന്നു തല്ലുകൊള്ളേണ്ട ഗതികേട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല; പരസ്യ വിമര്‍ശനവുമായി ജയദേവന്‍

കൊച്ചിയില്‍ പൊലീസിന്റെ ഭാഗത്തുനിന്നു കടുത്ത അക്രമമാണ് സിപിഐ നേതാക്കള്‍ക്കു നേരേയുണ്ടായതെന്ന്, പാര്‍ട്ടി നേതാവും മുന്‍ എംപിയുമായ സിഎന്‍ ജയദേവന്‍
ഭരണത്തിലിരുന്നു തല്ലുകൊള്ളേണ്ട ഗതികേട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല; പരസ്യ വിമര്‍ശനവുമായി ജയദേവന്‍

തൃശൂര്‍: കൊച്ചിയില്‍ പൊലീസിന്റെ ഭാഗത്തുനിന്നു കടുത്ത അക്രമമാണ് സിപിഐ നേതാക്കള്‍ക്കു നേരേയുണ്ടായതെന്ന്, പാര്‍ട്ടി നേതാവും മുന്‍ എംപിയുമായ സിഎന്‍ ജയദേവന്‍. സിപിഐ നേതാക്കളെയും എംഎല്‍എയെയും തിരഞ്ഞുപിടിച്ചു മര്‍ദിക്കുകയായിരുന്നെന്ന് ജയദേവന്‍ മാധ്യമങ്ങളോടു പറഞ്ഞു.

കൊച്ചിയിലെ സംഭവത്തില്‍ മൗനം പാലിക്കുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുന്നുണ്ടോയെന്ന് അറിയില്ല. അങ്ങനെയൊരു സാഹചര്യം കേരളത്തിലുണ്ടോയെന്ന് ജയദേവന്‍ ചോദിച്ചു. നിലപാടില്‍ വിശദീകരിക്കേണ്ടത് കാനം തന്നെയാണ്. ഭരണത്തിലിരുന്നു തല്ലുകൊള്ളേണ്ട ഗതികേട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലെന്ന് ജയദേവന്‍ പറഞ്ഞു. 

സിപിഐ നേതാക്കളെയും എംഎല്‍എയെയും തിരഞ്ഞുപിടിച്ച് മര്‍ദിക്കുന്ന സംഭവമാണ് കൊച്ചിയിലുണ്ടായത്. അതിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവും. നടപടി വന്നില്ലെങ്കില്‍ അവരെ തെരുവില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യും. മര്‍ദനത്തിന് ഇരയായ നേതാക്കളെ കാണാന്‍ സംസ്ഥാന സെക്രട്ടറി പോകാതിരുന്നതില്‍ വിശദീകരണം നല്‍കേണ്ടത് അദ്ദേഹമാണ്. ഇന്ന് എറണാകുളത്തുള്ള കാനം ഇതിനെല്ലാം വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഭരണത്തിലിക്കുന്ന പാര്‍ട്ടികള്‍ തമ്മില്‍ പരസ്യമായ ഭിന്നത വേണ്ട എന്ന രാഷ്ട്രീയ ജാഗ്രതയായിരിക്കാം കാനം ഈ  വിഷയത്തില്‍ പുലര്‍ത്തിയത്. അത് അത്രയ്ക്കു വേണ്ടതുണ്ടോ എന്നെല്ലാം ചിന്തിക്കേണ്ട കാര്യമാണെന്ന് ജയദേവന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com