അവിഹിതബന്ധം ആരോപിച്ച് വഴിയിൽ തള്ളിയ നായയ്ക്ക് ഇനി പുതിയ കൂട്ട്

ഏഴാം ക്ലാസുകാരിയായ മകൾ നേഹയ്ക്കു വേണ്ടിയാണ് സജി ഷമീമിനെ സമീപിച്ചത്
അവിഹിതബന്ധം ആരോപിച്ച് വഴിയിൽ തള്ളിയ നായയ്ക്ക് ഇനി പുതിയ കൂട്ട്

തിരുവനന്തപുരം; അവിഹിത ബന്ധം ആരോപിച്ച് വഴിയിൽ ഉപേക്ഷിച്ച നായയ്ക്ക് ഇനി പുതിയ കൂട്ട്. യജമാനന്റെ ‘ദുരഭിമാന’ത്തിന്റെ ഇരയായി അനാഥയാക്കപ്പെട്ട പോമറേനിയൻ നായയെ മൃഗശാലാ ജീവനക്കാരൻ തൊഴുവൻകോട് ഐ.എ.എസ്. കോളനി ഭാസ്കരഭവനിൽ സജിയാണ് ഏറ്റെടുത്തത്. സജിയുടെ മകൾ നേഹയാണ് ഇനി നായക്കുട്ടിയുടെ പുതിയ ഉടമ. 

ഒരാഴ്ച മുൻപാണ് പേട്ട ആനയറയ്ക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ പോമറേനിയൻ ഇനത്തിൽപ്പെട്ട നായയെ കണ്ടത്. സംഭവമറിഞ്ഞെത്തിയ പീപ്പിൾ ഫോർ ആനിമൽസ് പ്രവർത്തക ഷമീം നായയെ വീട്ടിലെത്തിച്ചു. അപ്പോഴാണ് നായയെ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് ബെൽറ്റിൽ കണ്ടത്. ‘സദാചാര വാദി’യായ ഈ അജ്ഞാത യജമാനനെ കണ്ടെത്താനാകാതിരുന്നതോടെ നായ ഷമീമിന്റെ വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു. 

ഏഴാം ക്ലാസുകാരിയായ മകൾ നേഹയ്ക്കു വേണ്ടിയാണ് സജി ഷമീമിനെ സമീപിച്ചത്. ഇദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന പോമറേനിയൻ നായ അടുത്തിടെയാണ് ചത്തത്. അതിന് പകരം മറ്റൊരു നായയെ വാങ്ങണമെന്ന് നേഹ അച്ഛനോട് പറഞ്ഞിരുന്നു. പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയാൽ നായയെ വാങ്ങിത്തരാമെന്നായിരുന്നു അച്ഛന്റെ വാ​ഗ്ദാനം. നേഹ നന്നായി പഠിച്ചു. ഉയർന്ന മാർക്ക് നേടിയപ്പോൾ അച്ഛൻ വാക്കുപാലിച്ചു. ഉപേക്ഷിക്കപ്പെട്ട നായയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ട സജി ഷമീമിനെ സമീപിക്കുകയായിരുന്നു.

അമ്പതിലേറെ പേരാണ് നായയെ വേണമെന്നാവശ്യപ്പെട്ട് ഷമീമിനെ സമീപിച്ചത്. മൃഗശാലാ ജീവനക്കാരനായതിനാൽ സജിക്ക് ഇവളെ നൽകുകയായിരുന്നു. വീട്ടിലേക്ക് കൊണ്ടുവന്ന പട്ടി നേഹയുമായി വേ​ഗം അടുത്തു. പപ്പി എന്ന് പേരുമിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com