പി രാജുവിന് എതിരെ സിപിഐയില്‍ പടയൊരുക്കം; ഡിഐജി ഓഫീസ് മാര്‍ച്ച് കാനത്തിന്റെ നിര്‍ദേശം മറികടന്ന്, സംസ്ഥാന നേതൃത്വത്തിന് പരാതി

എറണാകുളം ലാത്തിചാര്‍ജിന് പിന്നാലെ സിപിഐ ജില്ലാ സെക്രട്ടറിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഒരുവിഭാഗം രംഗത്ത്
കാനം രാജേന്ദ്രന്‍ പി രാജുവിനൊപ്പം (ഫയല്‍)
കാനം രാജേന്ദ്രന്‍ പി രാജുവിനൊപ്പം (ഫയല്‍)

കൊച്ചി: എറണാകുളം ലാത്തിചാര്‍ജിന് പിന്നാലെ സിപിഐ ജില്ലാ സെക്രട്ടറിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഒരുവിഭാഗം രംഗത്ത്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ വിഷയങ്ങളിലേക്ക് നീങ്ങിയത് ജില്ലാ സെക്രട്ടറി പി രാജുവിന്റെ പ്രവര്‍ത്തനങ്ങളാണ് എന്നാരോപിച്ചാണ് ഒരു സംഘം രംഗത്ത് വന്നിരിക്കുന്നത്. രാജുവിന്റെ പ്രവര്‍ത്തനങ്ങള്‍ വിഭാഗീയത വളര്‍ത്തുന്നതാണെന്നാണ് പ്രധാന ആരോപണം. 

സാമ്പത്തിക തിരിമറി അടക്കമുള്ള ഗൗരവമുള്ള ആരോപണങ്ങളാണ് രാജുവിന് എതിരെ ഉന്നയിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ രാജുവിന്റെ നേത്വത്തില്‍ വ്യാപകമായി പണപ്പിരിവ് നടക്കുന്നുണ്ടെന്നും പാര്‍ട്ടി അറിഞ്ഞുകൊണ്ടല്ല പല പിരിവുകളും നടക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

പാര്‍ട്ടിയെ പ്രതിസന്ധിയിലേക്ക് നയിച്ച എറണാകുളം ഡിഐജി ഓഫീസ് മാര്‍ച്ചിന്, സംസ്ഥാന നേതൃത്വം അനുമതി നല്‍കിയിരുന്നില്ല. ഇതൊരു പ്രാദേശിക പ്രശ്‌നമായി കണ്ടാല്‍ മതിയെന്നും എസ്പി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയാല്‍ മതിയെന്നുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. സമരത്തിന്റെ ദിവസമാണ് കാനം രാജേന്ദ്രന്‍ ഡിഐജി ഓഫീസ് മാര്‍ച്ചാണ് നടത്തുന്നത് എന്നറിയുന്നത്. 

സംസ്ഥാന നേതൃത്വത്തില്‍ നിന്ന് മാര്‍ച്ചില്‍ നേതാക്കള്‍ പങ്കെടുക്കണമെന്ന് രാജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രാദേശിക വിഷയം സംസ്ഥാന തലത്തില്‍ കത്തിക്കേണ്ടതില്ലെന്ന നിലപാടാണ് കാനം സ്വീകരച്ചത്. ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് മാറ്റി തീരുമാനിച്ചത് പി രാജുവാണ്. ഇത് സംസ്ഥാന ഘടകത്തെ അറിയിച്ചിരുന്നില്ല. ജില്ലാ എക്‌സിക്ക്യൂട്ടീവ് ചേരാതെ മണ്ഡലം സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നാണ് മാര്‍ച്ച് തീരുമാനിച്ചത്. മാര്‍ച്ച് കാനം രാജേന്ദ്രന്റെ അറിവോടെയാണ് എന്നായിരുന്നു പി രാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദേശം മറികടന്നാണ് രാജുവും കൂട്ടരും മാര്‍ച്ച് നടത്തിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

പാര്‍ട്ടി നേതൃത്വം അറിയാതെ ഒറ്റയ്ക്ക് പണപ്പിരിവ് നടത്തിയതിനെതിരെ മണ്ഡലം കമ്മിറ്റികളില്‍ വരെ രാജുവിന് എതിരെ ചര്‍ച്ചകള്‍ നടന്നിരുന്നു.ഇതിന് ശേഷം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ മാത്രമേ ജില്ലയില്‍ പിരിവ് നടത്താന്‍ പാടുള്ളുവെന്ന് സംസ്ഥാന സെക്രട്ടറി നിര്‍ദേശിച്ചു. ഇതിനെതിരെ കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. 

രാജുവിനോട് അടുപ്പമുള്ളവരെ മാത്രമാണ് പാര്‍ട്ടിയില്‍ സംരക്ഷിക്കുന്നത്. ഇവര്‍ നിശ്ചയിക്കുന്നതാണ് പ്രവര്‍ത്തനങ്ങള്‍. ജില്ലാ എക്‌സിക്ക്യൂട്ടീവിന് പോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എതിര്‍ ശബ്ദദമുയര്‍ത്തുന്നവരെ ഒതുക്കാനാണ് രാജുവിന്റെ ശ്രമമെന്നും ഇവര്‍ പറയുന്നു. സംസ്ഥാന നേതൃത്വത്തെ വരെ പ്രതിസന്ധിയിലാക്കി മുന്നേറുന്ന രാജു, എറണാകുളത്തെ സിപിഐയെ വിഴുങ്ങുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ജില്ലാ സെക്രട്ടറിക്ക് എതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com