ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി മോദി നാളെയെത്തും ; ശബരിമല ദര്‍ശനം ആവശ്യപ്പെടുമെന്ന് ബിജെപി

ക്ഷേത്രദര്‍ശനത്തിനു ശേഷം  പതിനൊന്നു മണിയോടെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി മോദി നാളെയെത്തും ; ശബരിമല ദര്‍ശനം ആവശ്യപ്പെടുമെന്ന് ബിജെപി

കൊച്ചി:  ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയില്‍ എത്തും. രാത്രി പത്തു മണിയോടെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി കൊച്ചിയില്‍ തങ്ങും. ശനിയാഴ്ച രാവിലെ 8.55ന് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പോകും.

ക്ഷേത്രദര്‍ശനത്തിനു ശേഷം  പതിനൊന്നു മണിയോടെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. രണ്ടാം വട്ടവും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദി ആദ്യമായി കേരളത്തിലെത്തുമ്പോള്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കണമെന്ന കേരള ബിജെപി നേതാക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പൊതു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 

പന്ത്രണ്ടു മണിയോടെ പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങും. ഗുരുവായൂരില്‍ രണ്ടാം തവണയാണ് മോദി ദര്‍ശനം നടത്തുന്നത്. മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മോദി ഗുരുവായൂരിലെത്തിയത്. ഇത്തവണ കേരളത്തിലെത്തുമ്പോള്‍ പ്രധാനമന്ത്രിയോട് ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ആവശ്യപ്പെടുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. 

ഗുരുവായൂര്‍ പോലെയല്ല ശബരിമല ദര്‍ശനം. മാത്രമല്ല പ്രധാനമന്ത്രിയുടെ സുരക്ഷ അടക്കം പ്രധാനമാണ്. എങ്കിലും കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ ശബരിമല ദര്‍ശനം നടത്തണമെന്ന ആവശ്യം കേരളത്തിലെ ബിജെപി നേതൃത്വം നരേന്ദ്രമോദിക്ക് മുന്നില്‍ അവതരിപ്പിക്കും. ഇക്കാര്യം നേരത്തെ തന്നെ കേരളത്തിലെ ബിജെപി നേതൃത്വം മോദിയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com