നരേന്ദ്രമോദി ഇന്ന് രാത്രിയെത്തും; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി 

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി11.35 ന് കൊച്ചിയിലെത്തും
നരേന്ദ്രമോദി ഇന്ന് രാത്രിയെത്തും; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി 

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി11.35 ന് കൊച്ചിയിലെത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചി നാവിക വിമാനത്താവളം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, എറണാകുളം ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളില്‍ എസ്.പി.ജിയുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. 

പ്രധാനമന്ത്രി വന്നിറങ്ങുന്നതു മുതല്‍ തിരികെ പോകുന്നതുവരെയുള്ള ഓരോ ഘട്ടങ്ങളിലും ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ അവലോകനം ചെയ്തു. നാവിക വിമാനത്താവളത്തില്‍ നിന്ന് ഗസ്റ്റ് ഹൗസ് വരെ റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രിയെത്തുക. ഈ ഭാഗങ്ങളിലെ റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാനും ബാരിക്കേഡുകള്‍ സജ്ജമാക്കാനും നിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രി രാത്രി തങ്ങുന്ന ഗസ്റ്റ് ഹൗസില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തുക. മെഡിക്കല്‍, ആംബുലന്‍സ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ വൈദ്യസഹായം ലഭ്യമാക്കാനുള്ള ആശുപത്രികളെയും സജ്ജമാക്കിയിട്ടുണ്ട്. പോലീസിനും ഫയര്‍ ഫോഴ്‌സിനും നിര്‍ദ്ദേശങ്ങള്‍ നല്‍കി. പ്രധാനമന്ത്രി തിരികെ പോകുന്ന കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി. 

എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന പ്രധാനമന്ത്രി 8 ന്  രാവിലെ 8.55 ന് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ പ്രത്യേക ഹെലികോപ്ടറില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരികെ 12.40 ന് ഹെലികോപ്ടറില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. 1.55 വരെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിക്കും. 2 മണിക്ക് തിരിച്ചു പോകും. 

പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനുള്ള യോഗത്തില്‍ എസ്പിജി ഉദ്യോഗസ്ഥര്‍ക്കു പുറമേ സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍, നേവി, സിഐഎസ്എഫ്, വിവിധ വകുപ്പ് ജീവനക്കാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com