അഴിമതി വെച്ചുപൊറുപ്പിക്കില്ല; സര്‍വീസ് രംഗത്തെ ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കും: പിണറായി വിജയന്‍

രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ നാടായി മാറാന്‍ കേരളത്തിനു കഴിഞ്ഞു എന്നത് നിസാരകാര്യമല്ല
അഴിമതി വെച്ചുപൊറുപ്പിക്കില്ല; സര്‍വീസ് രംഗത്തെ ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കും: പിണറായി വിജയന്‍

തിരുവനന്തപുരം:  കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ നാടായി മാറാന്‍ കേരളത്തിനു കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് ചാലകശക്തിയായി നില്‍ക്കാന്‍ സര്‍വീസ് മേഖലയ്ക്ക് കഴിഞ്ഞു. സര്‍ക്കാരുമായി പൂര്‍ണമായി സഹകരിച്ച് പദ്ധതികള്‍ വിജയിപ്പിക്കാന്‍ ജീവനക്കാര്‍ ഒപ്പംനിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന നാടാണ് കേരളം എന്ന അപഖ്യാതി 2016 നു മുമ്പുണ്ടായിരുന്നു. ഉന്നതങ്ങളില്‍ വ്യാപിച്ച വ്യാപക അഴിമതി കേരളത്തിനാകെ അവമതിപ്പുണ്ടാക്കി. ആ നിലയില്‍നിന്ന്, രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ നാടായി മാറാന്‍ കേരളത്തിനു കഴിഞ്ഞു എന്നത് നിസാരകാര്യമല്ല. എന്നാല്‍, ചിലയിടങ്ങളില്‍നിന്ന് അഴിമതി പൂര്‍ണമായി തുടച്ചുനീക്കി എന്നു പറയാനാകില്ല. ഇക്കാര്യത്തില്‍ സര്‍വീസ് മേഖലയുടെയാകെ ജാഗ്രതയുണ്ടാകണം. അഴിമതി എവിടെയെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അത് തിരുത്തിക്കാനാകണം. ഒരു കാരണവശാലും അഴിമതി വച്ചുപൊറുപ്പിക്കാനാകില്ല. സര്‍ക്കാര്‍ ഓഫീസുകളെ കൂടുതലായി സമീപിക്കുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമാണ്. അവരുടെ പ്രശ്‌നങ്ങള്‍ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യാനാകണം. സമയോചിതമായി കാര്യങ്ങള്‍ നീക്കണം. സര്‍വീസിനു ചേരാത്ത ദുഷ്പ്രവണതകള്‍ നിര്‍ബന്ധമായും അവസാനിപ്പിക്കണം. 

സര്‍വീസ് മേഖലയെ കലുഷിതമാക്കുന്ന ഒരു നടപടിയും ഇക്കഴിഞ്ഞ മൂന്നു വര്‍ഷ കാലത്ത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മാത്രമല്ല, സര്‍വീസ് മേഖലയ്ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയും ചെയ്തു. എന്നാല്‍, പൊതുമേഖലാ സ്ഥാപനങ്ങളെയാകെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. ഭരണഘടനാ സ്ഥാപനങ്ങളും വന്‍തോതില്‍ ഭീഷണിയിലാണ്. സ്വകാര്യവല്‍ക്കരണവും കോര്‍പറേറ്റ് വല്‍ക്കരണവും കഴിഞ്ഞ അഞ്ചുവര്‍ഷത്തേതിനേക്കാള്‍ ശക്തമാകും എന്നാണ് മനസിലാക്കാനാകുന്നത്. തങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ കോര്‍പറേറ്റുകള്‍ക്ക് കഴിഞ്ഞു. കോര്‍പറേറ്റുകളെ വിട്ട് ഒരു നടപടിയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. ഈ നയത്തിന്റെ ഭാഗമായുള്ള തെറ്റായ നടപടികള്‍ക്കെതിരെയും ജീവിക്കാന്‍ വേണ്ടിയുള്ള പ്രക്‌ഷോഭത്തിനും സംഘടനകള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com