എസ്എഫ്ഐ ഭീഷണി; കൊല്ലപ്പെട്ട ശരത് ലാലിന്റെ ബന്ധുവായ പ്ലസ് വൺ വിദ്യാർത്ഥി സ്കൂളിൽ എത്തിയത് പൊലീസ് സംരക്ഷണത്തിൽ

ഭീഷണി രൂക്ഷമായതോടെ പൊലീസ് സംരക്ഷണത്തിൽ എത്തിയാണ് വിദ്യാർത്ഥി സ്കൂളിൽ നിന്ന് ടിസി വാങ്ങിയത്
എസ്എഫ്ഐ ഭീഷണി; കൊല്ലപ്പെട്ട ശരത് ലാലിന്റെ ബന്ധുവായ പ്ലസ് വൺ വിദ്യാർത്ഥി സ്കൂളിൽ എത്തിയത് പൊലീസ് സംരക്ഷണത്തിൽ

പെരിയ​; എസ്എഫ്ഐയുടെ ഭീഷണിയെത്തുടർന്ന് അഡ്മിഷൻ ലഭിച്ച സ്കൂളിൽ നിന്ന് മറ്റൊരു സ്കൂളിലേക്ക് മാറി പ്ലസ് വൺ വിദ്യാർത്ഥി. ഭീഷണി രൂക്ഷമായതോടെ പൊലീസ് സംരക്ഷണത്തിൽ എത്തിയാണ് വിദ്യാർത്ഥി സ്കൂളിൽ നിന്ന് ടിസി വാങ്ങിയത്. കല്യോട്ട് കൊല്ലപ്പെട്ട ശരത്‌ലാലിന്റെ ബന്ധു ദീപക്കിനാണ് ദുരനുഭവമുണ്ടായത്. 

രാവണീശ്വരം ഹയർസെക്കൻഡറി സ്‌കൂളിൽ സയൻസ് ഗ്രൂപ്പിനാണ് ദീപക് ചേർന്നത്. പ്രവേശനദിവസം തന്നെ എസ്എഫ്ഐക്കാർ ഒരു കാർഡ് തന്നിട്ട് ഇതുമായി ക്ലാസിൽ വന്നാൽ മതിയെന്ന് കല്പിച്ചുവെന്ന് ദീപക് പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസിലെത്തിയ ദീപക്കിനോട് കാർഡ് എവിടെയെന്ന് ചോദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുകാർ ഇതറിഞ്ഞ് സ്ഥലംമാറ്റ അപേക്ഷ നൽകി. 

പെരിയ ഹയർസെക്കൻഡറി സ്‌കൂളിൽ ദീപക്കിന് പ്രവേശനം കിട്ടി. എന്നാൽ ടിസി വാങ്ങാൻ വന്നാൽ ആക്രമിക്കും എന്നായി ഭീഷണി. ടിസി വാങ്ങാൻ ഇങ്ങോട്ടുവന്നാൽ കാണിച്ചുതരുമെന്ന ശബ്ദസന്ദേശം ദീപക്കിന്റെ മൊബൈൽ ഫോണിൽ തുടരെ വന്നു. ഇതേത്തുടർന്ന് കെഎസ് യു മുൻ ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ ഉൾപ്പെടെയുള്ളവർ ഹൊസ്ദുർഗ് പോലീസിൽ വിവരം അറിയിച്ചു. ഹൊസ്ദുർഗ് പോലീസിന്റെ സംരക്ഷണത്തിൽ തിങ്കളാഴ്ച സ്‌കൂളിലെത്തി ദീപക് ടി.സി. വാങ്ങി. പിന്നീടും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം വാട്‌സാപ്പിൽ വന്നതായി ദീപക് പറഞ്ഞു. 

എന്നാൽ ആരോപണം തെറ്റാണെന്നും എസ്എഫ്ഐക്കെതിരേയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഇതെന്നാണ് എസ്എഫ്ഐ നേതൃത്വം പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com