നസീറിനെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവം ; മൊഴിയില്‍ ഷംസീറിന്റെ പേരില്ലെന്ന് മുഖ്യമന്ത്രി

ഗൂഢാലോചനയില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് പരാതിയില്‍ പറഞ്ഞിട്ടില്ല. നിയമസഭയെ എന്തും പറയാനുള്ള വേദിയാക്കരുതെന്നും മുഖ്യമന്ത്രി
നസീറിനെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവം ; മൊഴിയില്‍ ഷംസീറിന്റെ പേരില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്. ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് പരാതിയില്‍ പറഞ്ഞിട്ടില്ല. നിയമസഭയെ എന്തും പറയാനുള്ള വേദിയാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സിഒടി നസീറിനെതിരായ ആക്രമണത്തില്‍ പ്രതിപക്ഷത്തെ പാറയ്ക്കല്‍ അബ്ദുള്ള നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേള്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. 

ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ ഒരു പ്രദേശത്ത് മൊത്തം അക്രമമാണെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. പൊലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഷംസീറിനെതിരെ നസീര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ പറഞ്ഞു. സിപിഎം നേതാക്കള്‍ കൂട്ടത്തോടെയാണ് നസീറിനെ കാണാന്‍ ആശുപത്രിയിലെത്തിയത്. സാധാരണ വിമതനായ നേതാവ് ആക്രമിക്കപ്പെട്ടാല്‍ സിപിഎം നേതാക്കള്‍ കൂട്ടത്തോടെ പോകുന്ന പതിവില്ലെന്നും പാറക്കല്‍ അബ്ദുള്ള പറഞ്ഞു. 

എംഎല്‍എ ഓഫീസിലേക്ക് വിളിച്ച് വരുത്തി എഎന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു. 
ഈ പശ്ചാത്തലത്തില്‍ ഷംസീറിനെതിരെ മൊഴി ഉണ്ടായിട്ടും അന്വേഷണ സംഘം എന്തുകൊണ്ടാണ് എംഎല്‍എയെ ചോദ്യം ചെയ്യാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സര്‍ക്കാര്‍ ആക്രമണത്തിന് ഗൂഢാലോചന നടത്തിയ ഷംസീറിനെ സംരക്ഷിക്കുകയാണെന്നും ആരോപിച്ചു.  നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത് പ്രതിപക്ഷം ശ്രദ്ധയില്‍പ്പെടുത്തി. പൊതു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പ്രതിപക്ഷം സഭയില്‍ ആവര്‍ത്തിച്ചു. 

മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍  വച്ചാണ് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ അക്രമി സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.  

തന്നെ ആക്രമിച്ചതിന് പിന്നില്‍  സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്നും സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി ഒ ടി നസീര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ആക്രമണത്തില്‍ ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് നസീര്‍ ആരോപിച്ചു. സ്റ്റേഡിയം നിര്‍മ്മാണത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നതിന്, ഷംസീര്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും നസീര്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com