ഷംസീറിനെതിരെ മൊഴി നല്‍കിയിരുന്നു ; മുഖ്യമന്ത്രി പറഞ്ഞത് തെറ്റ് ; കേസ് അട്ടിമറിക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്ന് സിഒടി നസീര്‍

ഷംസീറിനെതിരെ അന്വേഷണം നടത്താന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല.കേസ് വഴിതെറ്റിക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ട്
ഷംസീറിനെതിരെ മൊഴി നല്‍കിയിരുന്നു ; മുഖ്യമന്ത്രി പറഞ്ഞത് തെറ്റ് ; കേസ് അട്ടിമറിക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്ന് സിഒടി നസീര്‍

കണ്ണൂര്‍ : തനിക്കെതിരായ ആക്രമണത്തില്‍ തലശ്ശേരി എംഎല്‍എ ഷംസീറിന്റെ പേര് പൊലീസിന് മൊഴി നല്‍കിയതാണെന്ന് വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സിഒടി നസീര്‍ വ്യക്തമാക്കി. തന്നില്‍ നിന്നും മൂന്നുതവണ പൊലീസ് മൊഴിയെടുത്തിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സമ്മര്‍ദ്ദത്തിലാണ് മൂന്നാംതവണ മൊഴിയെടുത്തത്. മൊഴിയെടുക്കാനെത്തിയ പൊലീസിനോട് ഷംസീറിന്റെ പേര് പറഞ്ഞതാണെന്നും നസീര്‍ ആവര്‍ത്തിച്ചു. 

എന്നാല്‍ പൊലീസ് ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിച്ചത്. തന്നില്‍ നിന്നും വെള്ളപേപ്പറില്‍ ഒപ്പിടുവിച്ച് മേടിക്കാന്‍ വരെ ശ്രമിച്ചു. താന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയില്ല. ഷംസീറിനെതിരെ അന്വേഷണം നടത്താന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല.കേസ് വഴിതെറ്റിക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ട്. താന്‍ ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. അദ്ദേഹത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകുമെന്നും നസീര്‍ പറഞ്ഞു. 

തലശ്ശേരി സ്റ്റേഡിയം അഴിമതി പുറത്തുകൊണ്ടുവന്നതിന് പിന്നാലെ ഷംസീര്‍ എംഎല്‍എ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ഭീഷണിപ്പെടുത്തിയത്. ഇക്കാര്യം സ്ഥലം, സമയം, തീയതി അടക്കം പൊലീസിനോട് വ്യക്തമാക്കിയതാണ്. നിലവിലെ അന്വേഷണത്തില്‍ തൃപ്തനല്ല. അന്വേഷണം ചിലരില്‍ ഒതുക്കാന്‍ ശ്രമം നടക്കുന്നു. പൊലീസ് അന്വേഷണത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചില അഭിഭാഷകരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം പരിഗണനയിലാണെന്നും സിഒടി നസീര്‍ പറഞ്ഞു. 

നസീറിനെതിരായ ആക്രമണം ഒറ്റപ്പെട്ടതാണെന്നും, ഷംസീര്‍ എംഎല്‍എക്കെതിരെ  പരാതിയിലോ മൊഴിയിലോ പേരില്ലെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. നസീറിനെതിരെ സിപിഎമ്മിന് പകയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നസീര്‍ ഷംസീറിനെതിരെ ആരോപണം ആവര്‍ത്തിച്ചത്. മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍  വച്ചാണ് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ അക്രമി സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. നസീറിന്റെ കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com