തിരുവനന്തപുരം വിമാനത്താവളം ആരും കൊണ്ടുപോകില്ല; അവകാശം സര്‍ക്കാരിന്, കേന്ദ്രത്തെ വിവരം ധരിപ്പിക്കുമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുനല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം വിമാനത്താവളം ആരും കൊണ്ടുപോകില്ല; അവകാശം സര്‍ക്കാരിന്, കേന്ദ്രത്തെ വിവരം ധരിപ്പിക്കുമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ആരും കൊണ്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുനല്‍കാന്‍ നീക്കം നടക്കുന്ന പശ്ചാത്തലത്തില്‍ നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. 

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുനല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളം സര്‍ക്കാരിന് അവകാശപ്പെട്ടതാണ്.  രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം 15 ന് ചേരുന്ന ആദ്യ നീതി ആയോഗ്  യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇക്കാര്യം ധരിപ്പിക്കും.വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ ആര് വന്നാലും വിമാനത്താവളം വികസിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ വ്യോമയാന സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പിണറായിയുടെ വാക്കുകള്‍. 

തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനം വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്വകാര്യകമ്പനിക്ക് വിമാനത്താവളം ഏറ്റെടുക്കാന്‍ പറ്റില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു സ്വകാര്യ കമ്പനിക്കും ഇടപെടാനാവില്ലെന്നും പിണറായി പറഞ്ഞു. 

മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലേലത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയാണ് അദാനിക്ക് ലഭിച്ചത്.  കേരളം സൗജന്യമായി നല്‍കിയ ഭൂമിയില്‍ നിര്‍മിച്ച തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരും സിപിഎമ്മും തുടക്കം മുതല്‍ തന്നെ ഇതിനെ എതിര്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com