പ്ലാസ്റ്റിക് കുപ്പികള്‍ കെട്ടിയുണ്ടാക്കിയ ചങ്ങാടത്തില്‍ കടല്‍ കടക്കാന്‍ ശ്രമം; ഓര്‍മകള്‍ വീണ്ടെടുത്ത ഗിയാസുദ്ദീന്‍ നാട്ടിലേക്ക് മടങ്ങി

ഓര്‍മകള്‍ നഷ്ടപ്പെട്ട് കടലില്‍ അലഞ്ഞ ഗിയാസുദ്ദീന് കേരളം ശരിക്കും ദൈവത്തിന്റെ നാടായി. ഓര്‍മകള്‍ വീണ്ടെടുത്തതോടെ അദ്ദേഹം ബംഗ്ലാദേശിലേക്ക് മടങ്ങി
പ്ലാസ്റ്റിക് കുപ്പികള്‍ കെട്ടിയുണ്ടാക്കിയ ചങ്ങാടത്തില്‍ കടല്‍ കടക്കാന്‍ ശ്രമം; ഓര്‍മകള്‍ വീണ്ടെടുത്ത ഗിയാസുദ്ദീന്‍ നാട്ടിലേക്ക് മടങ്ങി

കൊച്ചി; പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിക്കെട്ടി ഉണ്ടാക്കിയ ചങ്ങാടത്തിലാണ് ബംഗ്ലാദേശ് സ്വദേശിയായ ഗിയാസുദ്ദീനെ കണ്ടെത്തുന്നത്. കടലിന് അപ്പുറമാണ് നാട് എന്ന ചിന്തയിലാണ് ഗിയാസുദ്ദീന്‍ സാഹസത്തിന് മുതിര്‍ന്നത്. ഒന്‍പത് മാസം മുന്‍പ് ആലപ്പുഴയുടെ തീരത്തുനിന്നും മത്സ്യത്തൊഴിലാളികളാണ് ഇയാളെ കണ്ടെത്തിയത്. മുങ്ങിത്തുടങ്ങിയ ചങ്ങാടത്തില്‍ നിന്ന് പിടിച്ചു കയറ്റുമ്പോള്‍ അജ്ഞാതമായ ഭാഷയില്‍ നിര്‍ത്താതെ സംസാരിക്കുകയായിരുന്നു ഇയാള്‍. ഓര്‍മകള്‍ നഷ്ടപ്പെട്ട് കടലില്‍ അലഞ്ഞ ഗിയാസുദ്ദീന് കേരളം ശരിക്കും ദൈവത്തിന്റെ നാടായി. ഓര്‍മകള്‍ വീണ്ടെടുത്തതോടെ അദ്ദേഹം ബംഗ്ലാദേശിലേക്ക് മടങ്ങി. 

മനസ്സിന്റെ താളം തെറ്റിയ ഒരു മറുനാട്ടുകാരനാണെന്ന് മനസിലാക്കിയതോടെ പോലീസിന്റെയും കോടതിയുടെയും ഇടപെടലില്‍ ഗിയാസുദ്ദീന്‍ (40) തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ചികിത്സകളിലൂടെ മാനസികാരോഗ്യം വീണ്ടെടുത്തപ്പോഴാണ് ബംഗ്ലാദേശ് എന്ന പേര് ഗിയാസുദ്ദീന്റെ നാവിലെത്തിയത്. തുടര്‍ന്ന് അധികൃതര്‍ വിവരങ്ങള്‍ മനസിലാക്കിയതോടെ ഗായാസുദ്ദീനെ തിരിച്ചയക്കുകയായിരുന്നു. 

മാനസിക നില പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നു ഗിയാസുദ്ദീനെന്ന് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. ടി. സാഗര്‍ പറഞ്ഞു. കടലിനക്കരെയാണ് നാട് എന്ന ധാരണയിലാണ് ചങ്ങാടമുണ്ടാക്കിയത്. ആലപ്പുഴയില്‍ എത്തിയത് എങ്ങനെയെന്ന് ഓര്‍മയില്ല. ഇദ്ദേഹത്തിന്റെ ഭാഷ മനസ്സിലാക്കുകയായിരുന്നു ആദ്യ വെല്ലുവിളി. സ്വദേശം ബംഗ്ലാദേശാണെന്ന് മനസ്സിലാക്കിയപ്പോഴും നാട്ടിലേക്ക് മടക്കി അയയ്ക്കാന്‍ വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നുവെന്ന് ഡോ. സാഗര്‍ പറഞ്ഞു.

പെരുമ്പാവൂരിലെ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്‌മെന്റിന്റെയും ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയുമെല്ലാം സഹായത്തോടെ ബംഗ്ലാദേശിലെ ഹൈക്കമ്മിഷനെ ബന്ധപ്പെട്ടു. ട്രാവല്‍ പെര്‍മിറ്റ് സംഘടിപ്പിച്ചു. ഇതിനിടെ ഓര്‍മ തിരിച്ചുകിട്ടിയപ്പോള്‍ ഗിയാസുദ്ദീന്‍ നല്‍കിയ ഫോണ്‍ നമ്പറിലൂടെ വീട്ടുകാരെയും കണ്ടെത്താനായി. അദ്ദേഹത്തിന് നാട്ടില്‍ ഭാര്യയും മക്കളുമുണ്ട്. തിരുവനന്തപുരത്തു നിന്ന് മൂന്നു പോലീസുകാര്‍ക്കൊപ്പമാണ് ഗിയാസുദ്ദീന്‍ വ്യാഴാഴ്ച മടങ്ങിയത്. പശ്ചിമ ബംഗാളിലെ ഹരിദാസ്പുര്‍ ചെക്‌പോസ്റ്റ് വരെ പോലീസ് സംഘം ഗിയാസുദ്ദീനൊപ്പമുണ്ടാകും. അവിടെ വച്ച് ബംഗ്ലാദേശ് സംഘത്തിന് കൈമാറും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com