കാർട്ടൂൺ വിവാദം ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടല്ല; ഏതെങ്കിലും വിഭാ​ഗത്തെ അവഹേളിക്കാൻ സർക്കാരിന് ഉദ്ദേശമില്ല; മുഖ്യമന്ത്രി

കാർട്ടൂൺ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
കാർട്ടൂൺ വിവാദം ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടല്ല; ഏതെങ്കിലും വിഭാ​ഗത്തെ അവഹേളിക്കാൻ സർക്കാരിന് ഉദ്ദേശമില്ല; മുഖ്യമന്ത്രി

ന്യൂഡൽഹി: കാർട്ടൂൺ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ അനാവശ്യമായി സർക്കാരിനെ വലിച്ചിഴച്ചതിനാലാണ് സാംസ്കാരിക മന്ത്രി ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും വിഭാ​ഗത്തെ അവഹേളിക്കുന്ന സമീപനം സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടായെന്ന് പറയുന്നത് ശരിയല്ല. സർക്കാരിന് അങ്ങനെയൊരു ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വിവാദം ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടല്ല. പുരസ്കാരം റദ്ദാക്കിയിട്ടില്ല. പുനഃപരിശോധിക്കാനാണ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ലളിത കലാ അക്കാദമി കഴിഞ്ഞ ​ദിവസം പ്രഖ്യാപിച്ച മികച്ച കാര്‍ട്ടൂണിനുളള പുരസ്‌കാരമാണ് വിവാദമായത്. പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് അവാര്‍ഡ് നല്‍കിയത് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ക്രിസ്തീയ മതചിഹ്നങ്ങളെ അവഹേളിക്കുന്ന രീതിയോട് സര്‍ക്കാര്‍ യോജിക്കുന്നില്ലെന്ന് സാംസ്കരിക മന്ത്രി എകെ ബാലന്‍ പറഞ്ഞു. കാര്‍ട്ടൂണിന്റെ പ്രമേയത്തെ അംഗീകരിക്കുന്നുവെങ്കിലും മതനിരപേക്ഷതയെ ഹനിക്കുന്ന നടപടികളോട് സര്‍ക്കാരിന് യോജിപ്പില്ല. അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

എന്നാൽ കഴിഞ്ഞദിവസം പുരസ്‌കാരം പിന്‍വലിക്കില്ലെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് വ്യക്തമാക്കിയിരുന്നു.റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലാണ് ചെയര്‍മാന്റെ പ്രതികരണം. 

സംസ്ഥാന ലളിതകലാ അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരമാണ് വിവാദമായത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേന്ദ്ര കഥാപാത്രമായ കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചിരുന്നു. ഇതിനെതിരെ കെസിബിസി ഉള്‍പ്പടെ രംഗത്തെത്തിയതോടെയാണ് പുരസ്‌കാരം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ലളിതകലാ അക്കാദമിക്ക് നിര്‍ദേശം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com