ചർച്ചയ്ക്ക് ശേഷം നടപടി; പി കെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവിന്‍റെ രാജി സ്വീകരിക്കാതെ ജില്ലാ നേതൃത്വം 

അനുനയ നീക്കങ്ങൾക്ക് ശ്രമിച്ച് മുതിർന്ന നേതാക്കൾ 
ചർച്ചയ്ക്ക് ശേഷം നടപടി; പി കെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവിന്‍റെ രാജി സ്വീകരിക്കാതെ ജില്ലാ നേതൃത്വം 

പാലക്കാട്: പി കെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവിന്‍റെ രാജി സ്വീകരിക്കേണ്ടന്ന നിലപാടിൽ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം. യുവതിയുടെ ആരോപണങ്ങൾ ചർച്ച ചെയ്തതിനു ശേഷം തുടർനടപടികൾ സ്വീകരിക്കാം എന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. മുതിർന്ന നേതാക്കൾ അനുനയ നീക്കങ്ങൾക്കും ശ്രമം നടത്തുന്നുണ്ട്. 

ശശിക്കെതിരെ പരാതി നൽകിയപ്പോൾ സ്ത്രീപക്ഷ നിലപാടെടുത്ത് ഉറച്ചു നിന്നവരെയെല്ലാം തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് ജില്ലാ കമ്മറ്റിയംഗമായ വനിതാ നേതാവ് രാജി നൽകിയത്. യുവതിക്കൊപ്പം നിന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിലനേഷ് ബാലനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. കൂടാതെ നിരന്തരം അപവാദപ്രചാരണം നടത്തിയിരുന്ന ഭാരവാഹിയെ ജില്ലാ സെക്രട്ടേറിയറ്റിലെടുത്തെന്നും ആക്ഷേപമുണ്ട്.

അടുത്ത ആഴ്ച്ച ചേരുന്ന ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിക്ക് ശേഷമേ ഇക്കാര്യം ജില്ലാ കമ്മറ്റി ചർച്ച ചെയ്യൂ. പ്രശ്നത്തിൽ വീണ്ടും സംസ്ഥാന കമ്മറ്റിക്ക് പരാതി നൽകുന്ന കാര്യമോ നിയമ നടപടിക്ക് ഒരുങ്ങുന്ന കാര്യമോ തൽക്കാലം പരിഗണനയിലില്ലെന്നാണ് യുവതിയുടെ പ്രതികരണം.

കഴിഞ്ഞ വർഷം ഓ​ഗസ്റ്റ് 14നാണ് യുവതി പികെ ശശിക്കെതിരെ പരാതി നല്‍കിയത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. 

പീഡന പരാതി പാർട്ടി അന്വേഷിച്ചിരുന്നു. തുടർന്ന് ഷൊര്‍ണൂര്‍ എംഎല്‍എ കൂടിയായ പികെ ശശിയെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നായിരുന്നു സസ്പെൻഷൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com