അവഹേളനവും അസഭ്യവും സഹിക്കാം, 'സാംസ്‌കാരിക നായകന്‍' എന്നു വിളിക്കരുതേ; അഭ്യര്‍ഥനയുമായി ചുള്ളിക്കാട്

അവഹേളനവും അസഭ്യവും സഹിക്കാം, 'സാംസ്‌കാരിക നായകന്‍' എന്നു വിളിക്കരുതേ; അഭ്യര്‍ഥനയുമായി ചുള്ളിക്കാട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: തന്നെ സാംസ്‌കാരിക നായകന്‍ എന്നു വിളിക്കരുതെന്ന് കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. താന്‍ ഒരു തരത്തിലും മലയാളിയുടെ സാംസ്‌കാരിക നായകനല്ല. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യങ്ങളും സഹിച്ചിട്ടുള്ള തനിക്ക് സാംസ്‌കാരിക നായകന്‍ എന്ന വിശേഷണം സഹിക്കാനാവുന്നില്ലെന്ന് ചുള്ളിക്കാട് പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലാണ് ചുള്ളിക്കാടിന്റെ അഭ്യര്‍ഥന.


കുറിപ്പിന്റെ പൂര്‍ണ രൂപം:

ഈയിടെ ചില മാദ്ധ്യമങ്ങള്‍ എന്നെ 'സാംസ്‌ക്കാരിക നായകന്‍' എന്നു വിശേഷിപ്പിച്ചുകണ്ടു. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യങ്ങളും ഞാന്‍ നിശ്ശബ്ദം സഹിച്ചുപോന്നിട്ടുണ്ട്. 
പക്ഷേ ഈ വിശേഷണം സഹിക്കാനാവുന്നില്ല. ഞാന്‍ ഒരുതരത്തിലും മലയാളികളുടെ സാംസ്‌കാരികനായകനല്ല. ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നല്‍കുന്ന മലയാളികളുടെ സാംസ്‌കാരികനായകനാവാന്‍ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയിലാണെങ്കില്‍ യാതൊരുവിധ അവാര്‍ഡുകളോ ബഹുമതികളോ സ്ഥാനമാനങ്ങളോ ഇന്നേവരെ എനിക്കില്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. എന്റെ സമാനഹൃദയരായ ചില വായനക്കാരുടെ കവി എന്നതിനപ്പുറം ഞാന്‍ മലയാളികളുടെ സര്‍വ്വസമ്മതനായ കവിയയുമല്ല. ഒരു പ്രസംഗകനോ പ്രഭാഷകനോ ആയി അറിയപ്പെടാന്‍ ഞാന്‍ ഒരുതരത്തിലും ആഗ്രഹിക്കുന്നില്ല. സുഹൃത്തുക്കളുടെ കഠിനമായ നിര്‍ബ്ബന്ധം മൂലം മാത്രമാണ് വല്ലപ്പോഴും പ്രസംഗിക്കേണ്ടിവരുന്നത്. ഞാന്‍ മലയാളികളുടെ പ്രസംഗകനോ പ്രഭാഷകനോ ഒന്നുമല്ല. ഒരിക്കല്‍ക്കൂടി പറയട്ടെ, മലയാളികളെ പ്രതിനിധീകരിക്കാനോ അവരുടെ സംസ്‌കാരത്തെ നയിക്കാനോ ആവശ്യമായ യാതൊരുവിധ യോഗ്യത യും എനിക്കില്ല. അതിനാല്‍ എന്നെ 'സാംസ്‌കാരിക നായകന്‍' എന്നുവിളിക്കരുതേ എന്നു എല്ലാവരോടും താഴ്മയായി അപേക്ഷിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com