കെവിനെ കൊലപ്പെടുത്തിയെന്ന വാദത്തിനു വ്യക്തമായ തെളിവില്ലെന്ന് പ്രതിഭാഗം കോടതിയില്‍

കെവിനെ തട്ടിക്കൊണ്ടു പോയെന്നു മാത്രമേ പ്രോസിക്യൂഷനു തെളിയിക്കാന്‍ സാധിച്ചിട്ടുള്ളൂ. കെവിനെ കൊലപ്പെടുത്തിയെന്ന വാദത്തിനു വ്യക്തമായ തെളിവില്ല
കെവിനെ കൊലപ്പെടുത്തിയെന്ന വാദത്തിനു വ്യക്തമായ തെളിവില്ലെന്ന് പ്രതിഭാഗം കോടതിയില്‍


കോട്ടയം: കെവിന്‍ കേസില്‍ കൊലപാതക കുറ്റം തെളിയിക്കാനുള്ള വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇല്ലെന്ന് കേസ് വിസ്താരത്തിനിടെ പ്രതിഭാഗം വാദിച്ചു. കെവിന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഗിരീഷ് പി.സാരഥിയെ പ്രതിഭാഗം ക്രോസ് വിസ്താരം  ചെയ്തു. കെവിനെ തട്ടിക്കൊണ്ടു പോയെന്നു മാത്രമേ പ്രോസിക്യൂഷനു തെളിയിക്കാന്‍ സാധിച്ചിട്ടുള്ളൂ. കെവിനെ കൊലപ്പെടുത്തിയെന്ന വാദത്തിനു വ്യക്തമായ തെളിവില്ല.

2018 മേയ് 27നു രാവിലെ 6നു ഒന്നാം പ്രതി സാനു ചാക്കോ ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐയെ വിളിച്ചിരുന്നെന്നു രേഖകള്‍ തെളിയിക്കുന്നു. ആ ഫോണ്‍ കോളില്‍ പറഞ്ഞതു പ്രകാരം കെവിന്‍ പ്രതികളുടെ പക്കല്‍ നിന്നു രക്ഷപ്പെട്ടു എന്നണ് മനസ്സിലാക്കേണ്ടത്.  എന്നാല്‍, കെവിന്‍ പ്രതികളുടെ പക്കല്‍ നിന്നു രക്ഷപ്പെടുകയായിരുന്നില്ല ,കൊല്ലപ്പെടുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതിന് മറുപടി നല്‍കി.

കെവിനെ പ്രതികള്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെ തലേന്ന് നിയാസ് കെവിനെ വിളിച്ചിരുന്നു.  നീനു എവിടെയാണെന്ന് അറിയാനാണു നിയാസ് വിളിച്ചത്. എന്നാല്‍, നീനു കൂടെയുണ്ടെന്നും ഫോണ്‍ കൊടുക്കാന്‍ തയാറല്ലെന്നുമാണു കെവിന്‍ നിയാസിനോട് പറഞ്ഞത്. അതിനാല്‍, നീനു അന്യായ തടങ്കലിലാണെന്നു പ്രതികള്‍ കരുതിയെന്നു പ്രതിഭാഗം വാദിച്ചു. നീനുവിനെ തിരികെ നല്‍കിയാല്‍ മാത്രമേ അനീഷിനെ വിട്ടയക്കൂവെന്നു പ്രതികള്‍  മേയ് 27നു രാവിലെ 5.45നു വിളിച്ചു പറഞ്ഞതായി 11ാം സാക്ഷി മുന്‍പ് മൊഴി നല്‍കിയിരുന്നു. ആ വിവരം ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐയെ അറിയിച്ചിരുന്നതായി സാക്ഷി മൊഴിയുണ്ടെന്നും ഡിവെഎസ്പി പറഞ്ഞു.

കെവിനും നീനുവും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങള്‍ക്ക് അന്വേഷണത്തില്‍ പ്രധാന്യമില്ലായിരുന്നതിനാല്‍ അവ ശേഖരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വോഡഫോണ്‍ നോഡല്‍ ഓഫിസര്‍ ഷാഹിന്‍ കോമത്തും കോടതിക്ക് നല്‍കി. യാത്രയ്ക്കിടെയുള്ള ഫോണ്‍ കോളുകളില്‍ സഞ്ചാരപാതയിലെ എല്ലാ ടവറുകളും റെക്കോര്‍ഡ് ചെയ്യപ്പെടില്ലെന്നും കോള്‍ ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ഏത് ടവറുകളുടെ പരിധിയിലായിരുന്നു എന്നു മാത്രമേ അറിയാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com